തിരുവനന്തപുരം: യുവതിയെയും ബന്ധുവിനെയും ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉച്ചക്കട വട്ടവിള തുണ്ടുവിളയില്‍ വിമല്‍കുമാര്‍ എന്നു വിളിക്കുന്ന വിനീതി(35) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞം ഉച്ചക്കട വട്ടവിളയിലായിരുന്നു സംഭവം. അനുജത്തിയുടെ ഭര്‍ത്താവിനൊപ്പം യുവതി സഞ്ചരിക്കവേ വാഹനത്തിന്റെ ടയര്‍ പഞ്ചറായി.
ടയര്‍ കട അടുത്തെവിടെ എന്ന് വിനീതിനോട് തിരക്കിയതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തില്‍ യുവാവിന് മര്‍ദ്ദനമേറ്റു. ഇതു ചോദ്യം ചെയ്ത യുവതിയെയും പ്രതി മര്‍ദ്ദിക്കുകയായിരുന്നു. യുവതിയെ അസഭ്യം പറയുകയും റോഡില്‍ തള്ളിയിടുകയും ചെകിടത്ത് അടിക്കുകയും ചെയ്‌തെന്നാണ് പരാതി. എസ്‌ഐ: ജി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിനീത് മുന്‍പ് പണമിടപാട് കേന്ദ്ര ഉടമയെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം, സ്വകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി പണവും രേഖകളും അടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതി പിടിയിലായി. കൊല്ലം പരവൂര്‍ പുക്കുളം സുനാമി ഫ്ളാറ്റ് ഹൗസ് നമ്പര്‍ ഒന്‍പതിലെ സുരേഷ് (42) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ കോട്ടമുക്കിലാണ് സംഭവം.
കടയ്ക്കുള്ളില്‍ അതിക്രമിച്ചു കയറിയ സുരേഷ് 9500 രൂപയും ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളും അടങ്ങിയ പഴ്സ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പഴ്സ് മോഷണം പോയതായി മനസിലാക്കിയ കടയുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ വെസ്റ്റ് പൊലീസ് ഉടന്‍ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.