നേടിയത് പരിമിതം, നഷ്ടപ്പെട്ടത് അമൂല്യം
ഹൃദയത്തിനൊരു ഹിമകണം
ഭിക്ഷ യാചിച്ച് ഒരു സ്ത്രീ അലയുകയാണ്. ഒക്കത്തിരിക്കുന്ന കുഞ്ഞ് വിശന്ന് കരയുന്നുണ്ട്. കുഞ്ഞിനെന്തെങ്കിലും കൊടുക്കണം എന്ന വിചാരമേയുള്ളു ആ അമ്മയ്ക്ക്. അവർ നടന്ന് നടന്ന് വനാന്തരത്തിലെത്തി. അദ്‌ഭുതം…!
അവിടെ ഒരു ഗുഹ. ‘ഒരു മിനിറ്റ് കൊണ്ട് നിങ്ങൾക്കാവശ്യമുള്ളതൊക്കെ എടുക്കാം’ എന്ന് പുറത്ത് ഒരു ബോർഡ്.
അകത്ത് കയറി ആകാവുന്നതൊക്കെ എടുത്ത് കൊണ്ട് ആ സ്ത്രീ കൃത്യം ഒരു മിനിറ്റിനുള്ളിൽ പുറത്ത് കടന്നു. ഉടൻ ഗുഹയുടെ വാതിൽ അടഞ്ഞു. അപ്പോഴാണ് അവർ ഞെട്ടിയത്. കുഞ്ഞ് അകത്തായിപ്പോയി…!
ഒരു നിമിഷം അവർ കുത്തിന്റെ കാര്യം മറന്നു പോയിരുന്നു. ഇനി അകത്തേയ്ക്കു പ്രവേശിക്കാനും സാദ്ധ്യമല്ല.
സർവ്വം തകർന്ന പോലെ ആ ഗുഹാ കവാടത്തിൽ അവർ തളർന്നിരുന്നു.
അപ്രതീക്ഷിതമായ ചിലത് നേടുമ്പോൾ കൈയിലുള്ള മറ്റ് ചിലത് വഴുതിപ്പോയിട്ടുണ്ടാവും! നഷ്ടപ്പെട്ടതാണോ നേടിയതാണോ മൂല്യമേറിയതെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. ആ ചിന്തയാണ് ജീവിതത്തിന്റെ വെളിച്ചമായി മാറേണ്ടത്.
അവതാരക: മീര അനീഷ്
സമ്പാദകൻ: സുനിൽ കെ ചെറിയാൻ