
ന്യൂഡല്‍ഹി: നടിയും കോണ്‍ഗ്രസ് നേതാവുമായ അര്‍ച്ചന ഗൗതമിനും പിതാവിനും നേരെ എഐസിസി ആസ്ഥാനത്ത് ആക്രമണം. ഇരുവരും ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഇവര്‍ പാര്‍ട്ടി ഓഫീസില്‍ എത്തുന്നതില്‍ ചില പ്രവര്‍ത്തകര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. അവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിയുമുണ്ടാവുകയായിരുന്നു. വാക്കേറ്റത്തിന്റെയും പരസ്പരം തള്ളിയിടുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വനിതാ സംവരണ നിയമം പാസാക്കിയതുമായി ബന്ധപ്പെട്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാനാണ് അര്‍ച്ചന എത്തിയത്. സന്ദര്‍ശനത്തിന് നേരത്തേ അനുമതി തേടിയിരുന്നു.
സംഭവത്തെക്കുറിച്ച് അര്‍ച്ചന പറയുന്നത്: ”അവര്‍ ഞങ്ങളെ ഓഫീസിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല, ഗേറ്റ് തുറന്നില്ല. എന്റെ ഡ്രൈവറുടെ തലയ്ക്ക് അടിയേറ്റു. അവര്‍ എന്റെ മുടി പിടിച്ചുവലിച്ചു. അത് ഒരു ഓണ്‍ റോഡ് റേപ്പില്‍ കുറവായിരുന്നില്ല. ഞാന്‍ അവരോട് കൂപ്പുകൈകളോടെ അപേക്ഷിച്ചു. അച്ഛന്‍ വല്ലാതെ പേടിച്ചു പോയി.രാഹുലിനും പ്രിയങ്കയ്ക്കും ഇതിനെക്കുറിച്ച് അറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അവരില്‍ നിന്ന് ഒരു വിളി ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രിയങ്ക ഗാന്ധി ഇപ്പോള്‍ എനിക്കായി ഒരു നിലപാട് എടുത്തില്ലെങ്കില്‍ ഞാന്‍ തകര്‍ന്നുപോകും. ഞാന്‍ എപ്പോഴും അവരെ പിന്തുണച്ചിട്ടുണ്ട്.”
https://twitter.com/KhabriBossLady/status/1707810438308835658?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1707810438308835658%7Ctwgr%5Ea119fdfd3cc34b710f227d24636e38e6139dc6ce%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FKhabriBossLady2Fstatus2F1707810438308835658widget%3DTweet
അര്‍ച്ചന മുംബയിലേക്ക് മടങ്ങിയെങ്കിലും പിതാവ് മീററ്റില്‍ തങ്ങുകയാണ്. നടന്ന സംഭവത്തെക്കുറിച്ച് വ്യക്തമാക്കാന്‍ ഉടന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹസ്തിനപുര്‍ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അര്‍ച്ചന മത്സരിച്ചിരുന്നെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. വെറും 1519 വോട്ടുകള്‍ മാത്രമാണ് ബിക്കിനി ഗേള്‍ എന്നറിപ്പെടുന്ന അര്‍ച്ചനയ്ക്ക് നേടാനായത്. 2014ല്‍ മിസ് ഉത്തര്‍പ്രദേശ് കിരീടം ചൂടിയ അര്‍ച്ചന ഗൗതം പിന്നീട് മിസ് ബിക്കിനി ഇന്ത്യയും മിസ് ബിക്കിനി യൂണിവേഴ്‌സ് ഇന്ത്യയുമായി. മിസ് കോസ്മോസ് വേള്‍ഡ് 2018ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.






