KeralaNEWS

പാലക്കാട് ജംക്ഷൻ റയിൽവെ സ്റ്റേഷനിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം

പാലക്കാട്: ജംക്ഷൻ റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവു നായ്ക്കളുടെ ശല്യം വർദ്ധിച്ചതോടെ യാത്രക്കാർ ഭീതിയിൽ.തെരുവ് നായകൾ കൂട്ടത്തോടെ പ്ലാറ്റ്ഫോമുകളിലും തമ്പടിച്ചതോടെ പുലർച്ചെയും മറ്റും റെയിൽവേ സ്റ്റേഷനിലെത്തുന്നവർ ആശങ്കയിലാണ്.
ഇരുപതിലേറെ നായകളാണ് പ്ലാറ്റ് ഫോമിൽ വിലസുന്നത്.മഴകൂടി തുടങ്ങിയതോടെ നായകളുടെ കേന്ദ്രമായി സ്റ്റേഷൻ മാറി.തെരുവ് നായകളുടെ അക്രമം പതിവായതോടെ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരും ആശങ്കയിലാണ്.രാത്രിയിൽ യാത്രക്കാർക്കുനേരെ നായ്ക്കൾ കുരച്ച് ചാടുന്നതും പതിവാണ്.
ദിവസവും വിദ്യാർഥികൾ ഉൾപ്പെടെ ആയിരത്തോളം യാത്രക്കാരാണ് സ്റ്റേഷനിലെത്തുന്നത്.നായക്കൂട്ടത്തെ പേടിച്ചാണ് ഇവർ യാത്രചെയ്യുന്നത്.
റെയിൽവേ ട്രാക്കുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യാത്തതാണ് സ്റ്റേഷനുകളിൽ തെരുവുനായകൾ കയറാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു.ഭക്ഷണ സ്റ്റാളുകളിൽനിന്ന് ഭക്ഷണം കഴിക്കുന്നവർ ബാക്കിയാകുന്ന ഭക്ഷണാവശിഷ്ടങ്ങൾ പ്ലാറ്റ്ഫോമിൽ വച്ചിട്ടുള്ള ബക്കറ്റിൽ തന്നെയാണ് നിക്ഷേപ്പിക്കാറുള്ളത്.അവ നിശ്ചിത ഇടവേളകളിൽ നീക്കം ചെയ്യാറില്ല. ബക്കറ്റ് തട്ടിയിട്ട് അവശിഷ്ടങ്ങൾ നായകൾ ഭക്ഷിക്കുന്നത് പതിവാണെന്നും യാത്രക്കാർ പറഞ്ഞു.

Back to top button
error: