കൊച്ചി: കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി.
രാത്രി 12.30 ഓടെ അഞ്ചുപേര്‍ സഞ്ചരിച്ച കാര്‍ ഗോതുരുത്ത് കടവാ തുരുത്ത് പുഴയില്‍ വീണാണ് അപകടം. ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യൂഡി റോഡ് അവസാനിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ഈ സമയത്ത് ശക്തമായ മഴ പെയ്തിരുന്നു. നല്ല ഒഴുക്കായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.
ഇന്നലെ രാത്രി കൊച്ചിയില്‍ നടന്ന ഒരു പാര്‍ട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഗുഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ കനത്ത മഴ കാരണം കാഴ്ച മറഞ്ഞതാകാം അപകടകാരണം എന്നാണ് നിഗമനം. കാര്‍ കണ്ടെത്തുമ്പോള്‍തന്നെ രണ്ടുപേരുടെ മൃതദേഹങ്ങളും വെള്ളത്തില്‍ നിന്ന് കണ്ടെത്തി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറിന്റെ ഡോര്‍ തുറന്ന് കിടന്നിരുന്നതിനാല്‍ മെയില്‍ നേഴ്‌സിനെയും ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെയുമടക്കം മൂന്ന് പേരെ രക്ഷപെടുത്തി. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്് പൊലീസ് അറിയിച്ചു.