CrimeNEWS

പള്ളിപ്പരിസരത്ത് സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന് ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ച സെക്രട്ടറി

ഇടുക്കി: നബിദിനത്തില്‍ പള്ളിപ്പരിസരത്തുവച്ച് സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന് ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ച സെക്രട്ടറിയുടെ പരാതി. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നും പുറത്തുനിന്നെത്തിയവര്‍ ഫോട്ടോ എടുത്തതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നുമാണ് ജമാഅത്ത് ഭാരവാഹികളുടെ വിശദീകരണം.

ആനച്ചാലിലെ ജുമാമസ്ജിദിലെത്തി പ്രാര്‍ഥനകളില്‍ പങ്കെടുത്ത ശേഷം പുറത്തിറങ്ങി മധുരം വിതരണം ചെയ്യുന്നതിനിടെ ചിലര്‍ സംഘംചേര്‍ന്ന് ആക്രമിച്ചെന്നാണ് ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ച സെക്രട്ടറി എം.സെയ്ദ് ഇബ്രാഹീം കേന്ദ്ര ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും നോക്കി നില്‍ക്കെ പാഞ്ഞടുത്ത അഞ്ചംഗ സംഘമാണ് അക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വെളളത്തൂവല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ പള്ളിക്കകത്തും പ്രവേശന കവാടത്തിലും നിന്ന് മധുര വിതരണം നടത്തുന്നത് പുറത്തു നിന്നെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ക്യാമറകളില്‍ പകര്‍ത്തുന്നത് പളളിയിലെത്തിയ വിശ്വാസികള്‍ തടഞ്ഞപ്പോള്‍ ഇതു സംബന്ധിച്ച് വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും ആക്രമിച്ചുവെന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആനച്ചാല്‍ ജുമാ മസ്ജിദ് ജമാഅത്ത് പ്രസിഡന്റ് അറിയിച്ചു.

 

Back to top button
error: