വിഴിഞ്ഞം വിഴിഞ്ഞം എന്ന് പറഞ്ഞ കേൾക്കുന്നതല്ലാതെ ആ തുറമുഖം കേരളത്തിനും ഇന്ത്യക്കും കൊണ്ടുവരാൻ പോകുന്ന മാറ്റത്തെ പറ്റി വടക്കേ ഇന്ത്യക്കാരൻ പോയിട്ട് മലയാളി പോലും ശരിക്കും മനസ്സിലാക്കിയിട്ടുണ്ടാവില്ല
എന്നതാണ് വാസ്തവം.
എന്താണ് ഈ തുറമുഖത്തിന് ഇത്ര പ്രാധാന്യം?
നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 76 വർഷമായി. നമുക്ക് നിരവധി തുറമുഖങ്ങളും ഉണ്ട്.എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പ് ആയ എവർലോട്ട് അടുക്കാൻ പറ്റിയ തുറമുഖം ഇന്ത്യയിൽ ഇല്ല, അതുമാത്രമല്ല വലിയ മദർ ഷിപ്പുകൾ ഒന്നും തന്നെ ഇന്ത്യയിലെ തുറമുഖത്തടുക്കില്ല, എന്നാൽ നമ്മെക്കാൾ ചെറിയ രാജ്യമായ തൊട്ടടുത്ത ശ്രീലങ്കയിലെ തുറമുഖത്ത് ഈ കപ്പലുകൾ എല്ലാം അടുക്കും.
കണ്ടെയ്നർഷിപ്പുകളുടെ വലിപ്പം പറയുന്നത് അതിന് എത്ര കണ്ടെയ്നറുകൾ ഉൾക്കൊള്ളാൻ കഴിയും എന്ന എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് .Twenty foot equivalent Units -TEU എന്ന് പറയും. അതായത് 20 അടി നീളമുള്ള എത്ര കണ്ടെയ്നറുകൾ ആ കപ്പലിൽ കയറ്റാൻ പറ്റും എന്നതാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർഷിപ്പായ എവർലോട്ടിന് 24000ത്തിനു മുകളിൽ കണ്ടെയ്നറുകൾ ഉൾക്കൊള്ളാൻ പറ്റും.
ഇത്തരത്തിലുള്ള വലിയ മദർഷിപ്പുകളിൽ കണ്ടെയ്നറുകൾ കയറി കഴിഞ്ഞാൽ അത് അടുക്കുന്ന തുറമുഖത്തിന് മിനിമം 17 മീറ്ററിൽ കൂടുതൽ ആഴം വേണം. എന്നാൽ മാത്രമേ ആ കപ്പലിന് ആ തുറമുഖത്തേക്ക് പ്രശ്നങ്ങൾ ഏതുമില്ലാതെ വന്നു പോകാൻ പറ്റൂ. ഇത്രയും ആഴമുള്ള തുറമുഖങ്ങൾ ഇന്ത്യയിൽ നിലവിലില്ല.
ഇന്ത്യൻ തുറമുഖത്ത് വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കണ്ടെയ്നർ ചരക്ക് കപ്പൽ 17000 TEU കപ്പാസിറ്റി ഉള്ളതായിരുന്നു. ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ.എന്നാൽ ആ കപ്പൽ അടുക്കുന്ന സമയത്ത് അതിൽ 13000TEU മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ പോയി. ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള ദീർഘദൂരം സഞ്ചരിക്കേണ്ട ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും വലിപ്പത്തിൽ ചെറുതായ കപ്പലുകളിൽ കയറ്റി വലിയ മദർ ഷിപ്പുകൾ അടുകുന്ന ദുബായ് ശ്രീലങ്ക പോലത്തെ പോർട്ടുകളിലേക്ക് അയക്കുന്നു അവിടുന്ന് മാറ്റി കയറ്റി പോകുന്നു. അതിനാൽ തന്നെ ചരക്ക് നീക്കം കൂടുതൽ ചിലവേറിയതും സമയമെടുക്കുന്നതും ആകുന്നു, വലിയ മദർ ഷിപ്പുകൾ രാജ്യത്ത് വരാത്തതുകൊണ്ട് തുറമുഖത്തിന് ഉണ്ടാകുന്ന നഷ്ടം വേറെയും
ഈ അവസ്ഥയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വരുമ്പോൾ മാറാൻ പോകുന്നത്.വിഴിഞ്ഞത്തിന്റെ പ്രത്യേകത അവിടെ സ്വാഭാവികമായിത്തന്നെ 24 മീറ്റർ ആഴമുണ്ടെന്നതാണ്. അതായത് ഡ്രച്ചിങ് നടത്തി ആഴം നിലനിർത്തേണ്ട ആവശ്യമില്ല, എത്ര വലിയ കപ്പലിന് വേണമെങ്കിലും അതുകൊണ്ട് വിഴിഞ്ഞത്ത് സുഖമായി അടുക്കാവുന്നതാണ്. മറ്റൊന്ന് അന്താരാഷ്ട്ര കപ്പൽ ചാലിനോട് വളരെ അടുത്ത് കിടക്കുന്ന തുറമുഖമാണ് വിഴിഞ്ഞം.
ശ്രീലങ്കയിലെ തുറമുഖത്തിൽ പോകുന്നതിനേക്കാളും കപ്പലുകൾക്ക് എളുപ്പം വിഴിഞ്ഞത്ത് അടുക്കുന്നതായിരിക്കും,അങ്ങനെ വരുമ്പോ വലിയ മദർ ഷിപ്പുകൾക്ക് അടുക്കാൻ പറ്റുന്ന ഇന്ത്യയിലെ തന്നെ ഒരേ ഒരു തുറമുഖമായി വിഴിഞ്ഞം മാറും.
വിഴിഞ്ഞം തുറമുഖം അതിന്റെ പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. വലിയ വലിയ ചരക്കു കപ്പലുകൾ ഇന്ത്യയിൽ കേരളത്തിൽ മാത്രം അടുക്കുമ്പോൾ അത് കേരളത്തിനുണ്ടാക്കാൻ പോകുന്ന മാറ്റം എത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ.. ഇന്ത്യയിലെ കയറ്റുമതിയും ഇറക്കുമതിയും പ്രധാനമായും കേരളം വഴിയാകുന്നത് ആലോചിച്ച് നോക്കൂ. എത്ര ലോജിസ്റ്റിക് സംരംഭങ്ങൾ കേരളത്തിൽ വരും എത്രപേർക്ക് തൊഴിൽ കിട്ടും.ഇന്ത്യയിലെ മുഴുവൻ ചരക്ക് നീക്കവും കേരളത്തിലേക്ക് വരും,അതിലൂടെ ഇന്ത്യൻ റെയിൽവേക്ക് വലിയ ലാഭം ഉണ്ടാകും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ഈ വർഷം പൂർത്തിയാവും.ഈ വർഷം അവസാനം തന്നെ ആദ്യത്തെ കപ്പൽ തുറമുഖത്തടുക്കും എന്നാണ് കരുതുന്നത്.