
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ സഹോദരൻ പീഡിപ്പിച്ചത് സുഹൃത്തുമായുള്ള ഫോൺ സംഭാഷണം അമ്മയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിൽ വെച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പോക്സോ വകുപ്പുപ്രകാരം സഹോദരനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് വർഷത്തോളമായി സ്വന്തം വീട്ടിൽ വെച്ചാണ് പെൺകുട്ടി നിരന്തരം സഹോദരന്റെ പീഡനത്തിനിരയായത്. വയനാട് സ്വദേശികളായ ഇവർ ജോലി ആവശ്യത്തിനായെത്തി താമരശ്ശേരിയ്ക്ക് സമീപം വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്.
വീട്ടുജോലിക്ക് പോവുന്ന അമ്മ സ്ഥലത്തില്ലാത്ത സമയം നോക്കിയായിരുന്നു 19 കാരനായ സഹോദരന്റെ അതിക്രമം. സുഹൃത്തുമായുള്ള ഫോൺ സംഭാഷണം അമ്മയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു 17 കാരിയെ നിരന്തരം പീഡനത്തിനിരയാക്കിയത്. ഈ വിവരം രണ്ട് ദിവസം മുമ്പ് പെൺകുട്ടി സ്കൂളിലെ കൂട്ടുകാരിയോട് പറയുകയായിരുന്നു. ഒറ്റമുറി വീട്ടിൽ സഹോദരനൊപ്പമാണ് കിടന്നിരുന്നതെന്നും ഭീഷണിപ്പെടുത്തിയതോടെ ഇക്കാര്യം പുറത്തുപറയാൻ പേടിയായെന്നും പെൺകുട്ടി കൂട്ടുകാരിയോട് പറഞ്ഞു. വിവരമറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു.
15 വയസുമുതൽ നേരിട്ട പീഡനത്തെ കുറിച്ച് പെൺകുട്ടി മൊഴി നൽകിയതോടെ ചൈൽഡ് ലൈൻ പൊലീസിൽ റിപ്പോർട്ട് സമർപ്പിച്ചു. പോക്സോ വകുപ്പ് പ്രകാരവും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് 19 വയസുകാരനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തത്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






