SportsTRENDING

കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക സന്നാഹത്തിന് ടിക്കറ്റെടുത്തവര്‍ നിരാശാരവേണ്ട! പണം തിരികെ കിട്ടാന്‍ ഇങ്ങനെ ചെയ്യൂ

തിരുവനന്തപുരം: കാര്യവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാൻ – ദക്ഷിണാഫ്രിക്ക ലോകകപ്പ് സന്നാഹ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ടിക്കറ്റെടുത്തിരുന്നത്. എന്നാൽ ടോസിടാൻ പോലും സാധിച്ചില്ല. ഇതോടെ ആരാധകരും നിരാശയിലായി. എന്നാൽ പണം നഷ്ടമായവർ നിരാശരാവേണ്ടതില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പറയുന്നത്. ടിക്കറ്റിനായി മുടക്കിയ പണം റീഫണ്ട് ചെയ്യുമെന്ന് കെസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.

ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 7-10 ദിവസത്തിനുള്ളിൽ ടിക്കറ്റ് തുക അക്കൗണ്ടിലെത്തും. ഓഫ്‌ലൈൻ വഴി ടിക്കറ്റെടുത്തവർക്കും പണം തിരികെ നൽകുന്നുണ്ട്. ടിക്കറ്റിന് കേടുപാടുകൾ കൂടാതെ എടുത്ത സെന്ററിൽ തന്നെ പോയി കാണിച്ചാൽ പണം തിരികെ നൽകുമെന്നും കെസിഎ വ്യക്തമാക്കി. ഇനി മൂന്ന് മത്സരങ്ങൾ കൂടി സ്‌റ്റേഡിയത്തിൽ അവശേഷിക്കുന്നുണ്ട്. നാളെ നെതർലൻഡ്‌സ്, ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് – ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീൻഫീൽഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതർലൻഡ്‌സിനേയും നേരിടും.

Signature-ad

ഇന്നലെ നടന്ന മറ്റു സന്നാഹ മത്സരങ്ങളിൽ ന്യൂസിലൻഡും ബംഗ്ലാദേശും ജയിച്ചിരുന്നു. ന്യൂസിലൻഡ് അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തകർത്തു. ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാൻ 346 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 103 റൺസെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് 43.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 97 റൺസ് നേടിയ രജിൻ രവീന്ദ്രയാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ.

ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 49.1 ഓവറിൽ 263ന് എല്ലാവരും പുറത്തായി. 68 റൺസ് നേടിയ പതും നിസ്സങ്കയാണ് അവരുടെ ടോപ് സ്‌കോറർ. മെഹദി ഹസൻ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 42 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

Back to top button
error: