ആലപ്പുഴ: വിനോദ സഞ്ചാര വകുപ്പിന് കായംകുളത്തോട് കടുത്ത അവഗണനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി യു.പ്രതിഭ എംഎല്‍എ. വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
വിമര്‍ശിച്ചത് വിനോദ സഞ്ചാര മേഖലയുടെ ജില്ലാ ഏകോപന സമിതിയെയാണ്. ഏകോപന സമിതിയിലുള്ള എംഎല്‍എമാരുള്‍പ്പടെയുള്ളവര്‍ക്ക് ജില്ലയെ പൊതുവായി പരിഗണിക്കാന്‍ കഴിയണമെന്നും പ്രതിഭ പറഞ്ഞു. പി.എ.മുഹമ്മദ് റിയാസടക്കമുള്ള മന്ത്രിമാരോട് താന്‍ കായകുളത്തെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ല, അവഗണനയാണ് കായംകുളത്തോട് കാണിക്കുന്നതെന്നുമായിരുന്നു പ്രതിഭ കഴിഞ്ഞ ദിവസം പറഞ്ഞത്.
വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനായില്ലെന്നും കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്നു ഭരണാധികാരികള്‍ ഓര്‍ക്കണമെന്നും പ്രതിഭ പറഞ്ഞു. പിന്നീട് ഇത് വാര്‍ത്തയാവുകയും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് പ്രതിഭ വിശദീകരണവുമായി രംഗത്തെത്തിയത്.