പാലക്കാട്: ഷൊര്‍ണൂര്‍ പരുത്തിപ്രയില്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നായ്ക്കളുടെ ഉടമയെ പോലീസ് അറസ്റ്റുചെയ്തു. ഗണേശ്ഗിരി പുല്ലാട്ടുപറമ്പില്‍ സ്റ്റീഫനെയാണ് അറസ്റ്റുചെയ്തത്.
അക്രമസ്വഭാവമുള്ള നായ്ക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്‌തെന്ന കുറ്റംചുമത്തിയാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെയാണ് പരുത്തിപ്ര പുത്തന്‍പുരയ്ക്കല്‍ മഹേഷിനെ (36) സ്റ്റീഫന്‍ വളര്‍ത്തുന്ന ‘പിറ്റ്ബുള്‍’ ഇനം നായ്ക്കള്‍ ആക്രമിച്ചത്.
ശരീരത്തിലാകമാനം നായ്ക്കള്‍ കടിച്ച് പരിക്കേറ്റിട്ടുണ്ട്. ചെവി അറ്റ്, ചുണ്ടും മൂക്കും രണ്ടായി മുറിഞ്ഞ നിലയിലാണ് മഹേഷിനെ ആശുപത്രിയിലെത്തിച്ചത്. മഹേഷ് സുഖംപ്രാപിച്ചു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പരുത്തിപ്ര എസ്.എന്‍. ട്രസ്റ്റ് ഹൈസ്‌കൂളിലേക്ക് പോകുന്ന പാതയോരത്ത് വാടകവീട്ടിലാണ് സ്റ്റീഫന്‍ താമസിക്കുന്നത്.
ഈ വീട്ടില്‍നിന്നാണ് നായ്ക്കള്‍ മഹേഷിനെ ആക്രമിക്കാനോടിയെത്തിയതെന്ന് പോലീസ് പറഞ്ഞു. സമീപത്തെ പശുഫാമില്‍നിന്ന് പാലെടുത്ത് വില്‍ക്കുന്നയാളാണ് മഹേഷ്. ഇവിടേക്ക് പാലെടുക്കാനായി ഓട്ടോറിക്ഷയില്‍ എത്തിയപ്പോഴായിരുന്നു നായ്ക്കളുടെ ആക്രമണം. പത്ത് മിനിറ്റോളം നായ്ക്കളുടെ അക്രമത്തിനിരയായി ബോധരഹിതനായ മഹേഷിനെ നായ്ക്കളുടെ ഉടമ സ്റ്റീഫന്‍ എത്തിയാണ് രക്ഷിച്ചത്.
സംഭവത്തെ തുടര്‍ന്ന് വാടകവീടൊഴിയാന്‍ സ്റ്റീഫനോട് നിര്‍ദേശിച്ചതായി കൗണ്‍സിലര്‍ ഷൊര്‍ണൂര്‍ വിജയന്‍ പറഞ്ഞു. അനുമതിയില്ലാതെ അക്രമകാരികളായ നായ്ക്കളെ വളര്‍ത്തിയതിന് നഗരസഭയും സ്റ്റീഫനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നായ്ക്കളുടെ ഉടമയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.