തിരുവനന്തപുരം: കാട്ടാക്കടയിലെ ബാറില്‍ യുവാവിനെ സംഘംചേര്‍ന്ന് മര്‍ദിച്ചതായും പണം പിടിച്ചുപറിച്ചതായും പരാതി. അമ്പൂരി സ്വദേശിയായ മനു നായര്‍ക്കാണ് ബാറില്‍വെച്ച് യുവാക്കളുടെ മര്‍ദനമേറ്റത്. മനുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം രാത്രി കാട്ടാക്കട-തിരുവനന്തപുരം റോഡിലെ ബാറില്‍വെച്ചാണ് സംഭവം. ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ മനുനായര്‍ പണമടങ്ങിയ പേഴ്സ് പുറത്തെടുത്തിരുന്നു. ഇതുകണ്ടതിന് പിന്നാലെയാണ് ചിലര്‍വന്ന് കൈയേറ്റത്തിന് ശ്രമിച്ചതെന്നും തുടര്‍ന്ന് മര്‍ദിച്ചെന്നുമാണ് മനുവിന്റെ പരാതി. എന്തിനാണെന്ന് പോലും പറയാതെ ഇവര്‍ ആക്രമിച്ചെന്നും പേഴ്സില്‍ 34,000 രൂപ ഉണ്ടായിരുന്നതായും ഇത് അക്രമികള്‍ കവര്‍ന്നതായും യുവാവ് പറഞ്ഞു.
ആക്രമണത്തില്‍ മനുവിന്റെ മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. അതിനിടെ, ബാറിലുണ്ടായ മര്‍ദനത്തിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. യുവാവിനെ മറ്റുചിലര്‍ അസഭ്യംപറഞ്ഞ് അടിക്കുന്നതും കസേര കൊണ്ട് അടക്കം മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഈ വീഡിയോദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. ബാറിലെ ജീവനക്കാരുടെ മൊഴികളും രേഖപ്പെടുത്തി. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.