IndiaNEWS

നിജ്ജര്‍ വധത്തിനു പിന്നില്‍ ഐ.എസ്.ഐയെന്ന് റിപ്പോര്‍ട്ട്; ലക്ഷ്യം ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പാക് ചാര സംഘടനയായ ഇന്‍ര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ആണ് ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധത്തിന് കളമൊരുക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍. നിജ്ജറിനെ വധിക്കാന്‍ ഐ.എസ്.ഐ. ക്രിമിനലുകളെ വാടകയ്ക്കെടുത്തിരുന്നുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കാനഡയിലെ ഐഎസ്ഐ ഓപ്പറേറ്റര്‍മാരായ രഹത് റാവുവും താരിഖ് കിയാനിയുമാണ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.

ഐ.എസ്.ഐയ്ക്കുവേണ്ടി കാഡനയിലെ കൂടുതല്‍ ദൗത്യങ്ങളും ചെയ്യുന്നത് ഇവര്‍ രണ്ടുപേരുമാണ്. ഇന്ത്യയില്‍നിന്ന് വരുന്നവരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരുമായ ഭീകരരെ പോലും ഇവര്‍ നിയന്ത്രിക്കുന്നുണ്ടായിരുന്നു. ‘ബിസിനസ്’ കാരണങ്ങളാലും കൂടുതല്‍ സ്വാധീനമുണ്ടാക്കാനുമായി റാവുവും കിയാനിയും നിജ്ജാറിനെ കൊല്ലാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കാമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Signature-ad

പ്രാദേശിക ലഹരിമരുന്ന് ബിസിനസ് റാവുവിനും കിയാനിക്കും നേരിട്ട് നിയന്ത്രിക്കാന്‍ വേണ്ടിയാകാം കൊലപ്പെടുത്തിയത്. കാരണം ഇത് അവരുടെ പ്രധാന വരുമാന മാര്‍ഗമാണ്. മാത്രമല്ല, നിജ്ജാര്‍ കാലക്രമേണ ശക്തനാകുകയും പ്രാദേശിക കനേഡിയന്‍ സിഖ് സമൂഹത്തില്‍ ജനപ്രീതി നേടുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വധ്വാന്‍ സിങ്, രഞ്ജീത് സിങ് നീറ്റ തുടങ്ങിയ കൊടുംഭീകരരുമായി നിജ്ജാര്‍ അടുക്കുന്നതും ഐ.എസ്.ഐയ്ക്ക് തലവേദനയായിരുന്നു. കാലക്രമത്തില്‍ ഇയാള്‍ തങ്ങളുടെ നിയന്ത്രണത്തിന് പുറത്തു പോകുമോയെന്ന ആശങ്ക കൊലപാതകത്തിന് കാരണമായെന്നാണ് സൂചന.

കഴിഞ്ഞ ജൂണ്‍ 18-നായിരുന്നു ഖലിസ്താന്‍ വാദിയായ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന് വിശ്വസനീയമായ വിവരം കിട്ടിയെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.

Back to top button
error: