CrimeNEWS

ലോണ്‍ വാഗ്ദാനം നിരസിച്ചു; യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു!

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ വായ്പാക്കെണി. ലോണ്‍ നിരസിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓണ്‍ലൈന്‍ മാഫിയ സംഘം. തന്റെ നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അടക്കമുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് നല്‍കിയതോടെ യുവാവ് പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചു.

തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനില്‍ കുമാര്‍ എന്ന യുവാവാണ് ഓണ്‍ലൈന്‍ വായ്പ കെണിയില്‍ കുടുങ്ങിയത്. തിരുവല്ലയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന അനില്‍ കുമാര്‍ ഓഗസ്റ്റ് 31 തീയതിയാണ് ഫേസ്ബുക്കില്‍ നിന്നും ഓണ്‍ലൈന്‍ വായ്പയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇതിന് പിന്നാലെ ഇയാള്‍ക്ക് 7 ദിവസത്തെ വായ്പ തിരിച്ചടവില്‍ പ്രകാരം 9060 രൂപയുടെ ഓഫര്‍ മെസ്സേജ് ആപ്പില്‍ ലഭിച്ചു. ഇത് അക്‌സെപ്റ്റ് ചെയ്തതിന് പിന്നാലെ രൂപ പേ – റ്റിഎം വഴി അക്കൗണ്ടില്‍ 4500 ഓളം രൂപ എത്തി.

Signature-ad

അഞ്ചാം ദിനം അനില്‍കുമാര്‍ പണം തിരികെ അടച്ചു. പിന്നാലെ 15,000 രൂപയുടെ അടുത്ത ലോണ്‍ വാഗ്ദാനം എത്തി. ഇത് സ്വീകരിച്ച അനിലിന്റെ അക്കൗണ്ടിലേക്ക് വീണ്ടും 9000 രൂപയ്ക്ക് അടുത്തുള്ള തുക എത്തി. തുടര്‍ന്ന് 40,000 രൂപയുടെ ഓഫറും എത്തി. അങ്ങനെ ലഭിച്ച തുകയും അനില്‍ കൃത്യ സമയത്ത് തന്നെ തിരിച്ചടച്ചു. ഇതിന് പിന്നാലെയാണ് ഈ മാസം ഇരുപത്തിനാലാം തീയതി 1,00,000 രൂപയുടെ ഓഫര്‍ എത്തിയത്. ലോണിലെ കെണി മനസ്സിലാക്കിയ അനില്‍കുമാര്‍ വായ്പ നിരസിച്ച് മെസ്സേജ് അയച്ചു. തുടര്‍ന്ന് ലോണ്‍ ആപ്പും ഫോണില്‍ നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെ രാത്രി 12 മണിയോടെ വാട്‌സാപ്പില്‍ ഓണ്‍ലൈന്‍ മാഫിയയുടെ വിളി എത്തി.

വായ്പാത്തുക പൂര്‍ണ്ണമായും തിരിച്ചടച്ചിട്ടില്ലെന്നും അതിനാല്‍ ആപ്പ് വീണ്ടും ഡൗണ്‍ലോഡ് ചെയ്യണമെന്നും സംഘത്തിന്റെ അറിയിപ്പ് ലഭിച്ചു. ഇതില്‍ പ്രകാരം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കകം അക്കൗണ്ടിലേക്ക് 40,000 രൂപ കൂടി എത്തി. തനിക്ക് വിളിയെത്തിയ വാട്‌സ്ആപ്പ് നമ്പറിലേക്ക് ലോണ്‍ ആവശ്യമില്ല എന്നും തുക തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് അനില്‍കുമാര്‍ മെസ്സേജ് അയച്ചു.

ഇതിന് പിന്നാലെയാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണിലേക്ക് അനിലിന്റെ നഗ്‌നചിത്രങ്ങള്‍ അടക്കം പ്രചരിക്കപ്പെട്ടത്. തുടര്‍ന്ന് അനില്‍കുമാര്‍ ഇരുപത്തി തീയതി രാവിലെ 11 മണിയോടെ പത്തനംതിട്ടയിലെ സൈബര്‍ സെല്ലില്‍ ഓണ്‍ലൈന്‍ ലോണ്‍ മാഫിയക്കെതിരെ പരാതി നല്‍കിയത്.

 

 

 

Back to top button
error: