കാസര്‍കോട്: ബദിയടുക്കയില്‍ തിങ്കളാഴ്ച ഉണ്ടായ അപകടത്തില്‍ തകര്‍ന്നു തരിപ്പണമായ ഓട്ടോറിക്ഷ നിരത്തിലിറക്കിയിട്ട് നാലുമാസം മാത്രം. കെഎല്‍ 14 എഡി 1329 നമ്പര്‍ ഓട്ടോ ജൂണ്‍ 13 നാണ് രജിസ്ട്രേഷന്‍ നടത്തിയത്. പുത്തന്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ എ എച്ച് അബുദുള്‍ റൗഫിന് പുത്തന്‍ പ്രതീക്ഷകളും ഉണ്ടായിരുന്നു. എന്നാല്‍, വൈകിട്ട് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതീക്ഷകളെല്ലാം തരിപ്പണമായി.
അമിതവേഗതയില്‍ വന്ന ബസിന്റെ ഇടിയില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ് അല്‍പദൂരം മുന്നോട്ടുപോയതോടെ ഒരാള്‍ക്ക് പുറത്തിറങ്ങാന്‍പോലും കഴിയാത്ത വിധം ഓട്ടോ തകരുകയായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. സംഭവമറിഞ്ഞയുടന്‍ തന്നെ പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയെങ്കിലും ഓട്ടോറിക്ഷയുടെ ഉള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. കമ്പികള്‍ക്കിടയില്‍ ഞെരുങ്ങിയ അവസ്ഥയില്‍ ആയിരുന്നു എല്ലാവരും. ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് ഓരോരുത്തരെയും പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഓട്ടോ ഡ്രൈവര്‍ റൗഫിനെ പുറത്തെടുക്കുമ്പോള്‍ ജീവന്റെ നേരിയ തുടിപ്പ് ഉണ്ടായിരുന്നു. എന്നാല്‍, രക്ഷിക്കാനായില്ല.
റോഡിന്റെ അപാകവും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് ഇടയാക്കിയത്. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ബസിന് യന്ത്രത്തകരാര്‍ ഒന്നും കണ്ടെത്തിയില്ല. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും സ്ഥലത്തെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സാജു ഫ്രാന്‍സിസ് പറഞ്ഞു. ഡ്രൈവര്‍ മുണ്ട്യത്തടുക്കയിലെ ജോണ്‍ ഡിസൂസ (56) യ്ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.
ഒരു കുടുംബത്തിലെ നാലു സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉള്‍പ്പടെ അഞ്ചു പേരുടെ ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. സഹോദരിമാരായ മൊഗറിലെ ബീഫാത്തിമ (58), മൊഗ്രാല്‍പുത്തൂര്‍ കടവത്ത് ദെടുപ്പയിലെ ഉമ്മു ഹലീമ (55), ബെള്ളൂരിലെ നഫീസ (50) ഇവരുടെ പിതാവിന്റെ അനിയന്റെ ഭാര്യയായ ബീഫാത്തിമ (60), ഓട്ടോ ഡ്രൈവര്‍ കാസര്‍കോട് തായലങ്ങാടി സ്വദേശിയും മൊഗറില്‍ താമസക്കരനുമായ ഡ്രൈവര്‍ എ.എച്ച് അബ്ദുള്‍ റൗഫു (58) മാണ് മരിച്ചത്.
പെര്‍ളയില്‍ ഇവരുടെ ബന്ധുവിന്റെ മരണ വിവരമറിഞ്ഞാണ് നാലുപേരും ഓട്ടോയില്‍ പുറപ്പെട്ടത്. എന്നാല്‍, മരണ വീടെത്തുന്നതിനു മുന്‍പെ പള്ളത്തടുക്ക പാലത്തിന് സമീപം അപകടം സംഭവിക്കുകയായിരുന്നു. ബസ് ഓട്ടോയില്‍ ഇടിച്ചുണ്ടായ ശബ്ദം കേട്ടാണ് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയത്. ഇടിയില്‍ പൂര്‍ണമായും തകര്‍ന്ന ഓട്ടോയില്‍നിന്ന് തെറിച്ചു വീണ യാത്രക്കാരായ സ്ത്രീകള്‍ റോഡില്‍ ചിന്നിച്ചിതറി കിടക്കുകയായിരുന്നു. ഇവര്‍ അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചു. മാന്യയിലെ സ്വകാര്യ സ്‌കൂളിന്റെ ബസാണ് അപകടത്തിനിടയാക്കിയത്. വിദ്യാര്‍ഥികളെ ഇറക്കിയ ശേഷം സ്‌കൂളിലേക്ക് ബസ് കയറ്റിവെക്കാനായി മടങ്ങുന്നതിനിടെയാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്.
മൊഗറിലെ ഉസ്മാന്റെ ഭാര്യയാണ് മരിച്ച ബീഫാത്തിമ. മക്കള്‍: മുംതാസ്, മുനീറ, മുബശ്ശിര്‍. ഇസ്മായിലാണ് ഉമ്മാലിയുമ്മയുടെ ഭര്‍ത്താവ്. മക്കള്‍: സന, അസ്ഹറുദ്ധീന്‍. നോര്‍ത്ത് ബെള്ളൂരിലെ അബ്ബാസാണ് നഫീസയുടെ ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് മുര്‍ത്തള, ഫായിസ, ഫമീസ, നിഷാന. ദെടുപ്പ വീട്ടിലെ ഷൈഖ് അലിയാണ് ബീഫാത്തിമയുടെ ഭര്‍ത്താവ്. മക്കള്‍: റൗഫ്, ഹാരിസ്, അനസ്, തസ് രീബ, റുഖിയ, മാസിദ, അതീഖ. പരേതരായ അബൂബക്കര്‍ ഹാജി-ഖദീജ ദമ്പതിമാരുടെ മകനാണ് മരിച്ച റൗഫ്. ഭാര്യ: റംല. മക്കള്‍: റഹീസ്, രഹാന, റൈഫ.