ബെംഗളൂരുവിലെ മെട്രോ ട്രെയിനില്‍ ടിക്കറ്റില്ലാതെ എങ്ങനെ യാത്ര ചെയ്യാം? വീഡിയോയുമായി വിദേശ യൂട്യൂബര്‍; ബെംഗളൂരു പോലീസ് ജയിലിലേക്ക് വഴി കാണിച്ചുതരുമെന്ന് നെറ്റിസണ്‍സ്!
ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ ട്രെയിനിൽ ടിക്കറ്റില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന് കാണിച്ചുള്ള വീഡിയോ ചിത്രീകരിച്ച സൈപ്രസിൽനിന്നുള്ള യൂട്യൂബർ ഫിദിയാസ് പനായിയോടുവിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. മെട്രോ സ്റ്റേഷനിലെ എൻട്രി-എക്സിറ്റ് പോയൻറുകൾ ചാടികടന്നാണ് ഫിദിയാസ് പ്ലാറ്റ്ഫോമിലെത്തുന്നത്. ഇന്ത്യക്കാർ പശ്ചാത്യരാജ്യത്ത് ഇങ്ങനെ ചെയ്യുന്നത് വെറുതയൊന്ന് സങ്കൽപിച്ചുനോക്കുവെന്നും ഇന്ത്യയിലെ അധ്വാനിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങളെ അപമാനിക്കുന്നതാണ് വീഡിയോയെന്നും ഉൾപ്പെടെയുള്ള വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകൾ പങ്കുവെക്കുന്നത്.
ഇന്ത്യയിലെ മെട്രോ ട്രെയിനിൽ സൗജന്യമായി എങ്ങനെ യാത്ര ചെയ്യാമെന്ന് കാണിച്ചുതരമാമെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ബെംഗളൂരുവിലെ മെട്രോ സ്റ്റേഷനിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് കാണിച്ചുതരാമെന്ന് പറഞ്ഞ് മറ്റു യാത്രക്കാരോട് അഭിപ്രായവും ഫിദിയാസ് തേടുന്നുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യാനാകില്ലെന്നാണ് മറ്റു യാത്രക്കാർ മറുപടി നൽകിയത്. തുടർന്ന് എൻട്രി ഗേറ്റിലേക്ക് നീങ്ങിയ ഫിദിയാസ് ഗേറ്റ് ചാടി കടക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് തിരക്കേറിയ മെട്രോ ട്രെയിനുള്ളിൽ പിടിച്ചുതൂങ്ങുകയും ചെയ്യുന്നു. ഇന്ത്യയിലെ മെട്രോ ട്രെയിനുകളിലെല്ലാം ഭയങ്കര തിരക്കാണെന്നും ഇതിനിടയിൽ പറയുന്നുണ്ട്. പിന്നീട് സ്റ്റേഷനിൽ ഇറങ്ങിയശേഷം എക്സിറ്റി ഗേറ്റിൽനിന്നും ചാടി പുറത്തേക്ക് കടക്കുകയുമാണ്.
How To Sneak Into The Indian Metro pic.twitter.com/uEJgtGGKda
— Fidias (@Fidias0) September 21, 2023
ഇന്ത്യൻ മെട്രോയിൽ എങ്ങനെ ഒളിച്ചുകടക്കാമെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വീഡിയോ ഫിദിയാസ് തൻറെ യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിലും ഉൾപ്പെടെ പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെയാണ് വ്യാപക വിമർശനം ഉയർന്നത്.മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം വെറും പബ്ലിസിറ്റിക്കാണ് ഇത്തരം വീഡിയോ ഉണ്ടാക്കുന്നതെന്നും നിയമലംഘനത്തിനെതിരെ നടപടിയെടുക്കണമെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളുടെ പ്രതികരണം. എങ്ങനെ ജയിലിൽ പോകാമെന്ന് ബെംഗളൂരു പോലീസ് പഠിപ്പിച്ചുതരുമെന്നും ചിലർ പ്രതികരിച്ചു.
ഇതുപോലെ ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ പോയി ടിക്കറ്റില്ലാതെ മെട്രോ ട്രെയിനിൽ യാത്ര ചെയ്ത ചിലപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിക്കാമെന്നും നിയമം പാലിക്കാൻ താൽപര്യമില്ലെങ്കിൽ ഇനി ഇന്ത്യയിലേക്ക് വരരുതെന്നും ചിലർ വീഡിയോയക്ക് താഴെ രൂക്ഷ വിമർശനം ഉന്നയിച്ചു. ടെസ്ലയുടെയും സ്പെയ്സ് എക്സിൻറെയും സ്ഥാപകൻ എലോൺ മസ്കിനെ മാസങ്ങൾ പിന്തുടർന്ന് കെട്ടിപിടിച്ചുകൊണ്ട് പ്രശസ്തി നേടിയ യൂട്യൂബറാണ് ഫിദിയാസ്.