ചണ്ഡീഗഡ്: പഞ്ചാബില്‍ കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികള്‍ വെട്ടിക്കൊന്നു. കപൂര്‍ത്തല ജില്ലയിലെ ധില്‍വാനിലാണ് സംഭവം.
കേസിലെ പ്രധാന പ്രതിയെ യുവാവിന്റെ പിതാവ് തിരിച്ചറിഞ്ഞെങ്കിലും അക്രമികളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഹര്‍ദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഹര്‍ദീപും പ്രദേശവാസിയായ ഹര്‍പ്രീത് സിങ്ങും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നു. ഇരുവര്‍ക്കും എതിരെ പൊലീസില്‍ കേസുകളുണ്ട്. പൊലീസിനെ പേടിച്ച് മകന്‍ വീട്ടില്‍ താമസിച്ചിരുന്നില്ലെന്ന് ഹര്‍ദീപിന്റെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഹര്‍ദീപ്, ബാങ്ക് പാസ്ബുക്കുമായി പോയി. രാത്രി പത്തരയോടെ വീടിന്റെ വാതിലില്‍ ആരോ മുട്ടുന്നതു കേട്ടു. പുറത്തിറങ്ങാന്‍ ധൈര്യമില്ലാത്തതിനാല്‍ ടെറസില്‍ കയറി നോക്കി. ഹര്‍പ്രീത് സിങ്ങും അനുയായികളും ആയിരുന്നു അത്. ‘നിങ്ങളുടെ മകന്‍ കൊല്ലപ്പെട്ടു. അവന്റെ കഥകഴിഞ്ഞു. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നു’ എന്നാണ് അവര്‍ ആക്രോശിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടതെന്നും ഹര്‍ദീപ് സിങ്ങിന്റെ പിതാവ് പൊലീസില്‍ മൊഴി നല്‍കി.
ഹര്‍പ്രീതും അനുയായികളും മാരകായുധങ്ങള്‍ ഉപയോഗിച്ച് തന്നെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നെന്ന് മരിക്കുന്നതിനു മുന്‍പ് ഹര്‍ദീപ് തന്നോട് പറഞ്ഞതായും പിതാവ് പൊലീസില്‍ മൊഴി നല്‍കി. പരുക്കേറ്റ യുവാവിനെ ജലന്ധറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവാവിന്റെ കൊലപാതകം ഇപ്പോള്‍ രാഷ്ട്രീയതലത്തില്‍ ചര്‍ച്ചയാകുകയാണ്. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ നേതൃതൃത്വത്തിലുള്ള എഎപി സര്‍ക്കാരിനു കീഴില്‍ പഞ്ചാബില്‍ ജംഗിള്‍ രാജ് നിലനില്‍ക്കുന്നു എന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍ ആരോപിച്ചു. യുവാവിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ജലന്ധറില്‍ കബഡി മത്സരത്തിനിടെ കബഡി താരത്തെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. രാജ്യാന്തര കബഡി താരമായ സന്ദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്.