NEWSWorld

പന്നിയിറച്ചി കഴിക്കുംമുന്‍പ് ഇസ്‌ലാം പ്രാര്‍ഥന; ടിക്ടോക് താരത്തിന് 2 വര്‍ഷം ജയില്‍

ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ പന്നിയിറച്ചി കഴിക്കുന്നതിനു മുന്‍പ് ഇസ്‌ലാമിക പ്രാര്‍ഥന ചൊല്ലുകയും അത് ടിക്ടോക്കില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടു വര്‍ഷം തടവ്. സമൂഹമാധ്യമത്തില്‍ ലിന മുഖര്‍ജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിയ്‌ക്കെതിരെ ഇന്തോനീഷ്യയിലെ മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തത്. ബാലി സന്ദര്‍ശനത്തിനിടെയാണ് യുവതി ഇസ്‌ലാമിക പ്രാര്‍ഥന ചൊല്ലിയതിനു ശേഷം പന്നിയിറച്ചി കഴിക്കുകയും അതിന്റെ വിഡിയോ ടിക്ടോക്കില്‍ പങ്കുവയ്ക്കുകയും ചെയ്തത്.

സുമാത്രയിലെ പാലേംബംഗ് ജില്ലാ കോടതിയാണ് മുപ്പത്തിമൂന്നുകാരിയായ ലിനയെ കുറ്റക്കാരിയായി കണ്ടെത്തി ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തെയും പ്രത്യേക മതവിശ്വാസം പിന്തുടരുന്ന ആളുകള്‍ക്കെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്നാണ് കോടതി നിരീക്ഷിച്ചത്. രണ്ടു വര്‍ഷത്തെ തടവിനു പുറമേ 13,46,929 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു.

ശിക്ഷാ വിധി കേട്ട് പുറത്തിറങ്ങിയ ലിന മാധ്യമങ്ങള്‍ക്കു മുന്നില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. താന്‍ ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും എന്നാല്‍ ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്നും ലിന മാധ്യമങ്ങളോട് പറഞ്ഞു. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും അവര്‍ അറിയിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനീഷ്യ. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ മതനിന്ദ നിയമം ആയുധമാക്കുന്നത് വര്‍ധിക്കുന്നെന്ന് ആരോപിച്ച് ഇന്തോനീഷ്യയിലെ മറ്റു വിഭാഗക്കാര്‍ കുറേനാളുകളായി പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

 

Back to top button
error: