CrimeNEWS

തിരിച്ചറിയാനാകാതെ സ്യൂട്ട്‌കെയ്‌സിലെ മൃതദേഹം; ഒരു മാസത്തിനിടെ കാണാതായ യുവതികളുടെ വിവരം ശേഖരിക്കുന്നു

കണ്ണൂര്‍: ഇരിട്ടി – മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളില്‍ ട്രോളിബാഗില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക പോലീസ് അന്വേഷണ സംഘം വിപുലീകരിച്ചു. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കര്‍ണാടകത്തിലും അന്വേഷണം ശക്തമാക്കുന്നതിന് മടിക്കേരി ജില്ലാ ക്രൈം ബ്രാഞ്ചിനാണ് ചുമതല നല്‍കിയത്.

വീരാജ്‌പേട്ട സിഐ ശിവരുദ്രയുടെയും എസ്‌ഐ മഞ്ജുനാഥിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മാക്കൂട്ടം ചുരംപാത വഴി മൂന്നാഴ്ച്ചക്കിടയില്‍ കടന്നുപോയ വാഹനങ്ങളെ കണ്ടെത്തുന്നതിന് പെരുമ്പാടി ചെക്ക്‌പോസ്റ്റിലെ സിസി ടിവി പരിശോധന ആരംഭിച്ചു. മാക്കൂട്ടം ചെക്ക്‌പോസ്റ്റിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. കണ്ണവത്തുനിന്നു കാണാതായ യുവതിയുടെ അമ്മയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇത് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയും പരിഗണിക്കും.

Signature-ad

ഒരു മാസത്തിനിടയില്‍ കാണാതായ യുവതികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ സജീവ പരിഗണന നല്‍കിയിരിക്കുന്നത്. പെരുമ്പാടി മുതല്‍കൂട്ടുപുഴ വരെ ചുരം പാത പൂര്‍ണമായും വനമേഖലയായതിനാല്‍ മറ്റ് ശാസ്ത്രീയ വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

മാക്കൂട്ടം ചുരംപതയില്‍ യുവതിയുടെ മൃതദേഹം ട്രോളിബാഗില്‍ കണ്ടെത്തിയിട്ട് നാലുദിവസം പിന്നിട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മടിക്കേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍തന്നെ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂര്‍ കണ്ണപുരത്ത് കാണാതായ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കേരളാ പോലീസിന്റെ സഹായത്തോടെയാണ് മാക്കൂട്ടം ചുരംപാതയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

 

Back to top button
error: