SportsTRENDING

സീനിയർ താരങ്ങളുടെ അഭാവത്തിൽ ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരക്കിറങ്ങുന്നു; ഇന്ത്യയുടെ സാധ്യതാ ടീം

മൊഹാലി: സീനിയർ താരങ്ങളുടെ അഭാവത്തിൽ ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരക്കിറങ്ങുന്നു. മൊഹാലിയിലാണ് ആദ്യ മത്സരം. ക്യാപ്റ്റൻ രോഹിത് ശർമ, ഹാർദ്ദിക് പാണ്ഡ്യ, വിരാട് കോലി എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാൽ കെ എൽ രാഹുലാണ് നാളെ ഇന്ത്യയെ നയിക്കുന്നത്.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്സർ പട്ടേലിന് ലോകകപ്പിൽ കളിക്കാനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ലോകകപ്പ് ടീം ലക്ഷ്യമിട്ടാകും അശ്വിനും വാഷിംഗ്‌ടൺ സുന്ദറും നാളെ ഇറങ്ങുക. ലോകകപ്പ് ടീമിൽ ഓഫ് സ്പിന്നറുടെ അഭാവം തിരിച്ചടിയാകുമെന്ന തിരിച്ചറിഞ്ഞാണ് 20 മാസമായി ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത അശ്വിനെ ഓസ്ട്രേലിയ്കകെതിരായ പരമ്പരക്കുള്ള ടീമിലേക്ക് സെലക്ടർമാർ തിരിച്ചുവിളിച്ചത്. മറ്റൊരു ഓഫ് സ്പിന്നറായ വാഷിംഗ്ടൺ സുന്ദറിനും നാളത്തെ മത്സരം നിർണായകമാണ്. ഇപ്പോൾ പ്രഖ്യാപിച്ച ലോകകപ്പ് ടീമിൽ ഈ മാസം 27വരെ മാറ്റം വരുത്താൻ അവസരമുണ്ടെന്നതിനാൽ സൂര്യകുമാർ യാദവിനും ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനം നിർണായകമാകും.

രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണിംഗിൽ ശുഭ്മാൻ ഗിൽ ഇഷാൻ കിഷൻ സഖ്യമാകും നാളെ ഇന്ത്യക്കായി ഇറങ്ങുക. വിരാട് കോലിയുടെ അഭാവത്തിൽ വൺ ഡൗണായി തിലക് വർമയോ റുതുരാജ് ഗെയ്ക്‌വാദോ പ്ലേയിംഗ് ഇലവനിൽ എത്തും. നാലാം നമ്പറിൽ ശ്രേയസ് അയ്യരും അഞ്ചാം നമ്പറിൽ ക്യാപ്റ്റൻ കെ എൽ രാഹുലും ഇറങ്ങുമ്പോൾ സൂര്യകുമാർ യാദവായിരിക്കും ഫിനിഷറായി ആറാം നമ്പറിലെത്തുക.

ബാറ്റിംഗ് ഫോം ആശങ്കാണെങ്കിലും സ്പിൻ ഓൾ റൗണ്ടറായി രവീന്ദ്ര ജഡേജ എത്തും. രണ്ടാം സ്പിൻ ഓൾ റൗണ്ടറായി അശ്വിനോ സുന്ദറോ ആവും ടീമിലെത്തുക. പേസ് ഓൾ റൗണ്ടറായി ഷാർദ്ദുൽ താക്കൂർ കളിക്കുമ്പോൾ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചാൽ പേസർമാരായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാകും പ്ലേയിംഗ് ഇലവനിലെത്തുക.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: കെ എൽ രാഹുൽ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ, ആർ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ.

Back to top button
error: