കൊച്ചി: നെടുമ്പാശ്ശേരി കരിയാടുള്ള ബേക്കറിയില്‍ കയറി രാത്രി പരാക്രമം നടത്തിയ എസ്.ഐയെ തടഞ്ഞുവെച്ച് നാട്ടുകാര്‍. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനു കീഴിലുള്ള കണ്‍ട്രോള്‍ റൂം വെഹിക്കിളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സുനിലാണ് കോഴിപ്പാട്ട് ബേക്കറി ആന്‍ഡ് കൂള്‍ ബാറില്‍ കയറി അക്രമം നടത്തിയത്. നെടുമ്പാശ്ശേരി കോഴിപ്പാട്ട് വീട്ടില്‍ കുഞ്ഞുമോന്റെ കടയാണിത്.
ബുധനാഴ്ച കട അടയ്ക്കാനൊരുങ്ങുമ്പോഴാണ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ എസ്.ഐ. സുനില്‍ എത്തിയത്. ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. എസ്.ഐ. കടയിലെത്തി അവിടെയുണ്ടായിരുന്നവരെയെല്ലാം ചൂരല്‍വടി കൊണ്ടടിച്ചു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുഞ്ഞുമോന്‍, ഭാര്യ എല്‍ബി, മകള്‍ മെറിന്‍, സഹായി ബൈജു, വ്യാപാരി ജോണി എന്നിവര്‍ക്ക് അടിയേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ എസ്.ഐയെ തടഞ്ഞുവെച്ചു.
വിവരമറിഞ്ഞ് നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി. എസ്.ഐ. മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എസ്.ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. അകാരണമായി മര്‍ദിച്ചതിന് എസ്.ഐക്കെതിരേ നടപടി ഉണ്ടാകുമെന്നറിയുന്നു. കരിയാട്ടില്‍ കത്തിക്കുത്ത് നടക്കുന്നു എന്ന് വിവരം ലഭിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് എസ്.ഐ. മൊഴി നല്‍കിയിരിക്കുന്നത്.