മനാമ: ഇന്ത്യയില്‍ നിന്നു ബിഎഡ് പഠനം കഴിഞ്ഞെത്തിയ ബഹ്റീനിലെ പല അധ്യാപകരും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അയോഗ്യരായി. ബിരുദവും ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ബിഎഡ് കോഴ്സും പൂര്‍ത്തിയാക്കിയ പല അധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയതാണ് അധ്യാപകര്‍ക്ക് തിരിച്ചടയാക്കിയത്. ഇന്ത്യയിലെ പല സര്‍വകലാശാലകളില്‍നിന്നും ബിഎഡ് കോഴ്സുകള്‍ പൂര്‍ത്തിയാക്കി ബഹ്റീനിലെ സ്‌കൂളുകളില്‍ ജോലിക്ക് ചേര്‍ന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാഭ്യാസ മന്ത്രാലയം അയോഗ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലി സമ്പാദിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ‘ക്വാഡ്രാ ബേ’ എന്ന രാജ്യാന്തര ഏജന്‍സിയാണ് ബഹ്റീന്‍ മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. സ്വന്തം ചെലവില്‍ ക്വഡ്രാ ബേയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം സ്‌കൂളുകള്‍ ഉറപ്പാക്കണമെന്ന മന്ത്രാലയം നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് അധ്യാപകരോട് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഭൂരിപക്ഷം അധ്യാപകരും അവരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ക്വാഡ്രാ ബേയില്‍ സമര്‍പ്പിക്കുകയായിരുന്നു.
മുന്‍പ് അംഗീകാരമുണ്ടായിരുന്ന പല യൂണിവേഴ്‌സിറ്റികള്‍ക്കും ഇപ്പോള്‍ അംഗീകാരം ഇല്ലാതായതാണ് ജോലി ചെയ്തു വന്നിരുന്ന അധ്യാപകര്‍ക്കും വിനയായത്. ഒരു സര്‍ട്ടിഫിക്കറ്റിന് 27 ദിനാര്‍ വീതമാണ് പരിശോധനയ്ക്കായി ഓരോ അധ്യാപകരും നല്‍കേണ്ടത്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷമാണ് ക്വാഡ്രാ ബേ ഇത് സംബന്ധിച്ച ഫലം അറിയിക്കുന്നത്.മുന്‍പ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി ഡല്‍ഹിയിലേക്ക് അയച്ചു സ്റ്റാമ്പ് ചെയ്തു വരുത്തുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അത് ബഹ്റീനിലെ ചില ഏജന്‍സികള്‍ മുഖേനയാണ് ചെയ്തു വന്നിരുന്നത് .അതിനും ഏജന്‍സികള്‍ ഫീസ് ഈടാക്കിയിരുന്നു. മുന്‍പ് അത്തരത്തില്‍ വെരിഫിക്കേഷന്‍ കഴിഞ്ഞവര്‍ക്കും പുതിയ രീതിയിലുള്ള വെരിഫിക്കേഷനും വേണ്ടി വരുന്നതോടെ രണ്ട് തവണ ഫീസ് അടക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയിലെ ചില സര്‍വകലാശാലകളുടെ ബിഎഡ് കോഴ്സുകള്‍ പലതും രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടാത്തതാണ് ഇവിടെ വിനയായത്.