റായ്പൂർ: ചത്തീസ്ഗഡിൽ വമ്പൻ ബാങ്ക് കൊള്ള. ഇന്ന് രാവിലെ 8.45 ഓടെയാണ് നാടിനെ നടുക്കിയ വമ്പൻ കൊള്ള നടന്നത്. ആക്സിസ് ബാങ്കിൻറെ ജഗദ്പൂർ ബ്രാഞ്ചിലാണ് കവർച്ച നടന്നത്. 8.5 കോടിയുടെ പണവും സ്വർണവുമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. 7 പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാരെ ബന്ധിയാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ: ഛത്തീസ്ഗഡിലെ ട്രായ്ഗഡ് ജില്ലയിലെ ആക്സിസ് ബാങ്കിൻറെ ജഗദ്പൂർ ബ്രാഞ്ചിലാണ് കൊള്ളസംഘം രാവിലെ എത്തിയത്. രാവിലെ 8.45 ഓടെ ബാങ്ക് തുറന്ന് മാനേജരും ജീവനക്കാരും തങ്ങളുടെ ദൈനംദിന ജോലികൾ ആരംഭിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഏഴ് പേരെടങ്ങുന്ന സംഘം ബാങ്കിനുള്ളിൽ കയറിയായിരുന്നു കൊള്ള നടത്തിയത്. ജീവനക്കാരെ ബന്ദിയാക്കിയ സംഘം ലോക്കറുകളുടെ താക്കോലുകൾ ബാങ്ക് മാനേജരോട് ചോദിച്ചു. താക്കോൽ നൽകാൻ മാനേജർ വിസമ്മതിച്ചതോടെ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. കൊള്ള സംഘം ബാങ്ക് മാനേജരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ശേഷം താക്കോൽ സംഘടിപ്പിച്ച അക്രമിസംഘം പണവും സ്വർണവും കവർന്നു.
ഈ സമയം ബാങ്കിലെത്തിയ ജീവനക്കാരെയും ഏതാനും ഇടപാടുകാരെയും കവർച്ചക്കാർ മുറിയിൽ ബന്ദികളാക്കുകയും ചെയ്തു. ജീവനക്കാരെയും ഇടപാടുകാരെയും മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കൊള്ള സംഘം പണവും സ്വർണവുമായി മടങ്ങിയത്. കവർച്ചക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയാണ് പൊലീസ് പങ്കുവയ്ക്കുന്നത്. എത്രയും വേഗം പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.