ബെംഗളൂരു: കർണാടകയിലെ ചാമരാജ്നഗർ ജില്ലയിൽ സ്വകാര്യ വീഡിയോയുടെ പേരിൽ മുൻ കാമുകനും സുഹൃത്തും ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ ആവശ്യപ്പെട്ടുവെന്ന പരാതിയുമായി അധ്യാപിക പോലീസിനെ സമീപിച്ചു. അധ്യാപികയുടെ സ്വകാര്യ വീഡിയോ കൈവശമുണ്ടെന്നും പത്തുലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി. പത്തുലക്ഷം രൂപ നൽകുന്നതിനുപുറമെ അധ്യാപിക തൻറെ ഭർത്താവുമായുള്ള ബന്ധം പിരിയണമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വഴങ്ങിയില്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നുമാണ് ഭീഷണി. സംഭവത്തിൽ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി ചാമരാജ്നഗർ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതികൾ ഒളിവിൽപോയി.
ഏഴുവർഷമായി അധ്യാപികയായ യുവതിയെ യുവാവിനറിയാം. രണ്ടുവർഷം മുമ്പാണ് യുവതി ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്നത്. വിവാഹത്തിനുശേഷം പലതവണയായി യുവതിയോട് ഭർത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാൻ യുവാവ് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഭർത്താവിനെ ഉപേക്ഷിച്ചില്ലെങ്കിൽ യുവതിയുടെ സ്വകാര്യ വീഡിയോ വൈറലാക്കുമെന്ന് നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിൽ അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവിനും കുടുംബാംഗങ്ങൾക്കും യുവാവും അനുയായിയും അയച്ചുകൊടുക്കുകയും ചെയ്തു. പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഇരുസമുദായങ്ങൾക്കിടയിലുള്ള പ്രശ്നമായി ഉയർത്തുമെന്നും പത്തു ലക്ഷം രൂപ അടിയന്തരമായി നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടതായാണ് പരാതി.
പണം നൽകിയില്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നതിനൊപ്പം സ്വകാര്യ വീഡിയോയിലെ ദൃശ്യങ്ങൾ ഫ്ലക്സടിച്ച് പ്രദേശത്ത് പ്രദർശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണി തുടർന്നതോടെയാണ് കർണാടക പോലീസിലെ സൈബർ വിഭാഗത്തെ സമീപിച്ച് യുവതി പരാതി നൽകിയത്. തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിയിൽ ഉന്നയിച്ച പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പിടികൂടാനുള്ള ഊർജിത ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.