CrimeNEWS

യുവാവിനെ കൊന്ന് പുഞ്ചയിൽ ചവിട്ടിത്താഴ്ത്തിയ സംഭവത്തിൽ ‘കാലൻ മോൻസി’ പിടിയിൽ; ഭാര്യയുമായി അടുപ്പം, അവിഹിതം ആരോപിച്ചായിരുന്നു കൊലപാതകം

അടൂർ: പത്തനംതിട്ട പുല്ലാട് അയിരക്കാവിൽ യുവാവിനെ കൊന്ന് പുഞ്ചയിൽ ചവിട്ടിത്താഴ്ത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുല്ലാട് അയിരക്കാവ് സ്വദേശി പ്രദീപ്കുമാറിനെ കൊലപ്പെടുത്തിയ വരയന്നൂർ സ്വദേശി ‘കാലൻ മോൻസി’ എന്ന് വിളിപ്പേരുള്ള വിനോദ് ആണ് പൊലീസിൻറെ പിടിയിലായത്. മോൻസിയുടെ ഭാര്യയുമായി പ്രദീപ് കുമാർ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മോൻസി പ്രദീപിനെ കൊലപ്പെടുക്കിയത്.

പ്രദീപ്കുമാറിനെ ഇന്ന് രാവിലെയോടെയാണ് വീടിന് സമീപത്തെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദീപിന്റെ പെൺ സുഹൃത്തിൻറെ ഭർത്താവ് മോൻസി എന്ന കാലൻ മോൻസിയാണ് കൊലയ്ക്ക് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ മാരമണ്ണിൽ നിന്നാണ് കോയിപ്പുറം പൊലീസ് അന്വേഷണം അറസ്റ്റ് ചെയ്തത്. ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരിൽ മോൻസിയും പ്രദീപും തമ്മിൽ ഏറെ നാളായി തർക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി പ്രദീപിന്റെ വീട്ടിലെത്തിയ മോൻസി മർദ്ദനത്തിനൊടുവിൽ അയാളെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Signature-ad

വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രദീപിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്തെ ചതുപ്പിൽ പ്രതി ചവിട്ടിത്താഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി വീടിനടുത്തുള്ള ശ്മശാനത്തിലാണ് ആദ്യം ഒളിച്ചത്. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇവിടെ നിന്നും മാറി. മരിച്ച പ്രദീപും മോൻസിലും സുഹൃത്തുക്കളായിരുന്നു. ഭാര്യയുമായി പ്രദീപിനുള്ള അടുപ്പത്തെ ചൊല്ലിയാണ് ഇരുവരും അകലുന്നത്. ഇതിൻറെ പേരിൽ ഇരുവരും വഴക്കിട്ടിരുന്നു. മോൻസിയും ഭാര്യയും തമ്മിലുള്ള കുടുംബ ബന്ധത്തിലും വിള്ളലുണ്ടായി. ഇതോടെ മോൻസി പ്രദീപിനോട് കടുത്ത വൈരാഗ്യത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി മോൻസി പ്രദീപിനെ തേടി ഇയാളുടെ വീട്ടിലെത്തി. അവിടെ വെച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പ്രദീപിനെ മർദ്ദിക്കുകയും ഓടിച്ചിട്ട് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ മോൻസി ഭാര്യയോടും മക്കളോടും താൻ പ്രദീപിനെ കൊലപ്പെടുത്തിയെന്ന വിവരം പറഞ്ഞു. തുടർന്ന് മോൻസിയുടെ ഭാര്യ സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദീപിൻറെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തിയത്.

Back to top button
error: