KeralaNEWS

മന്ത്രിസ്ഥാനം തുടരാന്‍ ലത്തീന്‍ സഭയുടെ സഹായം തേടിയെന്ന് ആരോപണം; തെളിയിക്കാന്‍ വെല്ലുവിളിച്ച് ആന്റണി രാജു

തിരുവനന്തപുരം: രണ്ടര വര്‍ഷത്തിനുപകരം അഞ്ചുവര്‍ഷവും മന്ത്രിസ്ഥാനത്ത് തുടരാന്‍ ആന്റണിരാജു ലത്തീന്‍ സഭയുടെ സഹായം തേടിയതായി മോണ്‍. യൂജിന്‍ പെരേരയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ ശുപാര്‍ശ ചെയ്യാന്‍ ആന്റണിരാജു ആവശ്യപ്പെട്ടതായും ഒരു ചാനലിനോട് ഫാ.യൂജിന്‍ പെരേര വ്യക്തമാക്കി. എന്നാല്‍, യൂജിന്‍ പേരേര പറയുന്നത് പച്ചക്കള്ളമെന്ന് ഇതേ ചാനലിനോട് മന്ത്രി ആന്റണിരാജു പ്രതികരിച്ചു.

ഇടതു മുന്നണി ധാരണ പ്രകാരം നവംബറില്‍ ആന്റണിരാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് ലത്തീന്‍സഭ ആന്റണിരാജുവിനെതിരെ തിരിഞ്ഞത്.

Signature-ad

താന്‍ പറഞ്ഞ കാര്യം നിഷേധിക്കാന്‍ ആന്റണിരാജുവിന് കഴിയില്ലെന്നും യൂജിന്‍ പെരേര പറഞ്ഞു. താന്‍ ലത്തീന്‍ സഭയുടെ മാത്രം മന്ത്രിയല്ലെന്ന് മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് സഭയെ പ്രകോപിപ്പിച്ചത്. ”നില്‍ക്കുന്ന നിലയ്ക്ക് കണ്ടം ചാടുന്ന ആളാണ് ആന്റണിരാജു. അഞ്ച് വര്‍ഷത്തേക്കുള്ള മന്ത്രി സ്ഥാനത്തിന് ഒത്താശ പറയാന്‍ നേരിട്ട് വന്നു കണ്ടു.” ഒന്നല്ല, പലതവണ കണ്ടിട്ടുണ്ടെന്നും യൂജിന്‍ പെരേര പറഞ്ഞു. മുതലപ്പൊഴി വിഷയം കത്തിനില്‍ക്കുമ്പോള്‍ ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളും മന്ത്രിക്കെതിരെ തിരിഞ്ഞിരുന്നു. തീരദേശവാസികള്‍ക്കു നേരെ മുഖം തിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് താന്‍ സമീപിച്ചെങ്കില്‍ മോണ്‍. യൂജിന്‍ പെരേര അത് തെളിയിക്കട്ടെയെന്ന് മന്ത്രി ആന്റണിരാജു വെല്ലുവിളിച്ചു. യൂജിന്‍ പെരേര എല്‍.ഡി.എഫ് കണ്‍വീനറോ മുഖ്യമന്ത്രിയോ ആണോ. തന്നെ മന്ത്രിയാക്കുന്നത് അദ്ദേഹമാണോ?

”ഇല്ലാത്ത പച്ചക്കള്ളങ്ങള്‍ പറഞ്ഞ് എന്നെ സമൂഹത്തില്‍ ആക്ഷേപിക്കാന്‍ നോക്കേണ്ട. അത്തരം ആളുകളുടെ ഔദാര്യത്തിലല്ല ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സ്വന്തം പ്രയത്‌നത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ്. ഇത്രയൊക്കെ പറഞ്ഞ് അവസാനിപ്പിക്കുന്നതാണ് അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് നല്ലത്. രണ്ടര വര്‍ഷമാണ് മന്ത്രിസ്ഥാനം പറഞ്ഞിട്ടുള്ളത്. അത് അഞ്ചു വര്‍ഷമായി ആഗ്രഹിക്കേണ്ട കാര്യമില്ല.” -അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ മാദ്ധ്യമ സൃഷ്ടി മാത്രമല്ലെന്നും അതിന് പിന്നില്‍ മറ്റു ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി ആന്റണിരാജു നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇടതു മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ബുധനാഴ്ച നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചയ്ക്ക് വരുമെന്ന് തോന്നുന്നില്ല. ഇനിയും രണ്ടുമാസം സമയമുണ്ട്. അപ്പോള്‍ എല്‍.ഡി.എഫ് യുക്തമായ തീരുമാനമെടുക്കുമെന്നും ആന്റണിരാജു പറഞ്ഞു.

 

Back to top button
error: