CrimeNEWS

പാരിപ്പള്ളി അക്ഷയ സെന്‍്‌റര്‍ കൊലപാതകം; റഹിം ‘പണിപറ്റിച്ചത്’ ഭാര്യയെ ആക്രമിച്ച കേസില്‍ റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങി നാലാംനാള്‍

കൊല്ലം: പാരിപ്പള്ളി അക്ഷയ സെന്ററില്‍ യുവതി കൊല്ലപ്പെട്ട സംഭവം നാട് നടുക്കത്തോടയാണു കേട്ടത്. നാവായിക്കുളം വെട്ടിയറ അല്‍ബായ വീട്ടില്‍ നദീറ (36), ഭര്‍ത്താവ് റഹീം (50) എന്നിവരാണ് മരിച്ചത്. അക്ഷയ സെന്ററിലെ സ്ത്രീ ജീവനക്കാര്‍ നിലവിളിച്ചു റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കടകള്‍ തുറന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. സമീപത്ത് ഉണ്ടായിരുന്നവര്‍ ഓടി വന്നെങ്കിലും പ്രതി റഹീം കത്തി വീശി റോഡിലേക്ക് ഇറങ്ങി. അക്ഷയ സെന്ററിന് അകത്തേക്ക് ഓടി വന്നവര്‍ വിറങ്ങലിച്ചു നിന്നു. വെള്ളം ഒഴിച്ചു തീ കെടുത്തിയ ശേഷം നദീറയെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിലെ കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചു.

മഴക്കോട്ട് ഉപയോഗിച്ചു മുഖം മറച്ചെത്തിയ റഹീമിനെ മറ്റു ജീവനക്കാര്‍ തിരിച്ചറിഞ്ഞില്ല. നദീറ ആധാര്‍ എന്റോള്‍മെന്റ് മുറിയിലായിരുന്നു. കുപ്പിയില്‍ കരുതിയിരുന്ന മണ്ണെണ്ണ നദീറയുടെ തലയിലൂടെ ഒഴിച്ചു തീ കൊളുത്തി. ഒഴിക്കുന്നതിനിടെ റഹീമിന്റെ ദേഹത്തും മണ്ണെണ്ണ വീണതിനാല്‍ നെഞ്ചിലും വയറിന്റെ ഭാഗത്തും പൊള്ളലേറ്റു. റഹീം പരവൂര്‍ പാരിപ്പള്ളി റോഡില്‍ ഇറങ്ങി സ്‌കൂട്ടറിനു സമീപത്തേക്ക് നീങ്ങി. എന്നാല്‍, കൂടുതല്‍ ആളുകള്‍ ഓടി വരുന്നത് കണ്ട് ഇടവഴിയിലൂടെ ഓടി മതില്‍ ചാടി മറഞ്ഞു. ഇതിനിടെ ആളുകള്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. അക്ഷയ സെന്ററിന് ഏതാനും മീറ്റര്‍ അകലെ സ്‌കൂട്ടര്‍ വച്ചാണ് പ്രതി എത്തിയത്.

പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നദീറ. രണ്ട് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. ഭാര്യയുടെ മരണം ഉറപ്പാക്കിയതിന് ശേഷം കത്തി വീശി പുറത്തേക്ക് പോയ ഇയാള്‍ സ്വയം കഴുത്തറുത്തതിന് ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. അഗ്‌നിശമന സേനയെത്തി ഇയാളെ പുറത്തെടുക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.

നദീറയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു റഹീം അടുത്താണ് ജയില്‍മോചിതനായത്. ഇയാള്‍ അതിക്രൂരമായി ഇവരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പള്ളിക്കല്‍ പോലീസില്‍ വധശ്രമത്തിനുള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്. ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ഇയാള്‍ പലകുറി ഇവരെ പിന്തുടരുകയും ചെയ്തിരുന്നു. മക്കളെ വളര്‍ത്താനാണ് ഇയാളുടെ പീഡനമെല്ലാം സഹിക്കുന്നതെന്ന് നദീറ പറഞ്ഞിരുന്നതായി നദീറയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ടു പാരിപ്പള്ളി പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നദീറയെ തീകൊളുത്തി കൊലപ്പെടുത്തിയതിനും റഹീം കഴുത്തു മുറിച്ചു ആത്മഹത്യ ചെയ്തതിനും പ്രത്യേകം പ്രത്യേകം കേസ് എടുത്തു.

 

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: