MovieNEWS

ആയിരം കോടിയിലേക്ക് കുതിച്ച് ജവാന്‍; ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ബോക്‌സ് ഓഫീസില്‍ പുതിയ വിജയഗാഥ രചിക്കുകയാണ് അറ്റ്‌ലീ-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടിലെത്തിയ ജവാന്‍. റിലീസ് ചെയ്ത് പത്ത് ദിവസമായ അവസരത്തില്‍ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ചിത്രം ബോക്‌സ് ഓഫീസില്‍ ആയിരം കോടി എന്ന് കടക്കും എന്നുമാത്രമാണ് ആരാധകര്‍ക്ക് ഇനി അറിയാനുള്ളത്.

ഈ മാസം ഏഴിനാണ് ജവാന്‍ തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോളതലത്തില്‍ ഇതുവരെ 797.50 കോടി രൂപയാണ് നേടിയതെന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. 36 കോടി രൂപയാണ് ഞായറാഴ്ച ഇന്ത്യയില്‍ നിന്നുമാത്രം ചിത്രം നേടിയത്. ചിത്രം ഈയാഴ്ചതന്നെ ആയിരംകോടി കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞചിത്രമായ പഠാനും കളക്ഷനില്‍ 1000 കോടി എന്ന മാന്ത്രികസംഖ്യയിലെത്തിയിരുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ഉത്തരേന്ത്യയില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം നേരത്തേ പൈറസി വെബ്‌സൈറ്റുകളില്‍ ചോര്‍ന്നിരുന്നു. എങ്കിലും തിയേറ്ററുകളില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് ജവാന്‍.

നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് ‘ജവാന്‍’ നിര്‍മിച്ചിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: