Health

അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പ്രമേഹം ഗുരുതരമാക്കും, വര്‍ധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന കാരണം പ്രമേഹം: വിദഗ്ധ ഡോക്ടർമാർ 

   അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പ്രമേഹരോഗത്തെ ഗുരുതരമാക്കുകയും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലവുമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ണൂരിൽ നടന്ന പ്രമേഹരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.

പ്രമേഹ രോഗത്തെക്കുറിച്ചും അതിന്റെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവല്‍ക്കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന രീതി അപകടകരമാണെന്ന് സമ്മേളനം വിലയിരുത്തി. വര്‍ധിച്ചു വരുന്ന പ്രമേഹത്തിന്റെ കാരണങ്ങളും അതിന്റെ ചികിത്സാരംഗത്തെ പ്രതിസന്ധികളും  സമ്മേളനം വിശദമായി ചര്‍ച ചെയ്തു.

Signature-ad

2045 ഓടെ ലോകത്തെ രോഗികളുടെ എണ്ണം 745 ദശ ലക്ഷം കടക്കും എന്ന് ഇന്റര്‍നാഷനല്‍ ഡയബെറ്റിക് ഫെഡറേഷന്‍ കണക്കാക്കുന്നു. ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതര്‍ ഉള്ളത് കേരളത്തിലാണ്. 1970 കളില്‍ 2.5 ശതമാനം മാത്രം ഉണ്ടായിരുന്ന പ്രമേഹ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 20 ശതമാനം ആയി വര്‍ധിച്ചു എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയര്‍മാന്‍ ഡോ ജി വിജയകുമാര്‍ വ്യക്തമാക്കി.

വര്‍ധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന കാരണം പ്രമേഹമാണ്. തുടക്കത്തിലേ മൂത്രത്തിലെ അല്‍ബുമിന്‍ പോലുള്ള ലളിതമായ ടെസ്റ്റുകളിലൂടെ ഇത് കണ്ടെത്താവുന്നതാണ്. പ്രമേഹത്തിന്റെ ഏറ്റവും പ്രധാന സങ്കീര്‍ണതയിലൊന്ന് വൃക്ക രോഗമാണെന്നും വൃക്ക രോഗവിദഗ്ധന്‍ ഡോ സാരംഗ് വിജയന്‍ പറഞ്ഞു.

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ കണ്ടുവരുന്ന പ്രമേഹത്തെപ്പറ്റി മംഗലാപുരം കെ എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളജിലെ ഡോ അഖില ഭണ്ഡാര്‍ക്കര്‍ പ്രബന്ധം അവതരിപ്പിച്ചു. സ്ത്രീകളില്‍ ഗര്‍ഭ കാലത്ത് പഞ്ചസാരയുടെ അളവ് ക്രമാധീതമായി വര്‍ധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും, അടുത്ത കാലത്തായി ഇന്‍സുലിന്‍ കൂടാതെ ചില ഗുളിക രൂപത്തിലുള്ള മരുന്നുകളും ഫലപ്രദമാണെന്ന് അവര്‍ സൂചിപ്പിച്ചു.

പ്രമേഹത്തിന്റെ കരണങ്ങളെപ്പറ്റിയും, നൂതന ചികിത്സകളെ പറ്റിയും, ജീവിത ശൈലീ മാറ്റങ്ങളെ പറ്റിയും, പാനല്‍ ചര്‍ച്ചകളില്‍ ഡോ ജി വിജയകുമാര്‍, പ്രമേഹ രോഗവിദഗ്ധനും സൊസൈറ്റി സെക്രട്ടറിയുമായ ഡോ പി സുരേഷ് കുമാര്‍, എന്‍ഡോ ക്രൈനോളജിസ്റ്റ് ഡോ പ്രശാന്ത് മാപ്പ എന്നിവര്‍ പങ്കെടുത്തു.

പ്രമേഹ ചികിത്സയിലെ നൂതന മരുന്നുകളെപറ്റിയും അതിന്റെ ഉപയോഗത്തെ പറ്റിയും എന്‍ഡോ ക്രൈനോളജിസ്റ്റ്  ഡോ വിമല്‍ എം വി. വിശദീരിച്ചു. ഏറ്റവും പുതിയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ മരുന്നുകള്‍ അതിസങ്കീര്‍ണമായ പ്രമേഹ രോഗത്തെ പോലും ചികിത്സിക്കാന്‍ പര്യാപ്തമാണെന്നും ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇന്‍സുലിന്റെ ഉപയോഗത്തിന്റെ വിവിധ വശങ്ങളെ പറ്റി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറൽ മെഡിസിന്‍ പ്രൊഫസര്‍ ഡോ ആര്‍ ചാന്ദിനി സംസാരിച്ചു. പുതിയ കാലഘട്ടത്തില്‍ നൂതന ടെക്നോളജികളുടെ ഉപയോഗം, പ്രമേഹം കണ്ടെത്തുന്നതിനും അതിന്റെ ചികിത്സയിലും ഉണ്ടാക്കുന്ന സ്വാധീനത്തെ പറ്റി തിരുവന്തപുരം ജ്യോതി ദേവ് ഇന്‍സ്റ്റിട്യൂടിലെ ഡോ അരുണ്‍ ശങ്കര്‍, യുവാക്കളിലെ പ്രമേഹത്തിന്റെ പ്രശ്നങ്ങളും വകഭേദങ്ങളെയും പറ്റി കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോ സുനില്‍ പ്രശോഭ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

‘പ്രമേഹം ഒരിക്കല്‍ ആരംഭിച്ചാല്‍ സ്ഥിരമായി മാറുമോ’? എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ അനുകൂലമായും പ്രതികൂലമായും ഉള്ള ഘടകങ്ങളെ എനോഡോ ക്രൈനോളജിസ്റ്റ് ഡോ രാജു ഗോപാല്‍, ഡോ ഹനീഫ് എം എന്നിവര്‍ പങ്കെടുത്തു. കേരളത്തിനകത്തും പുറത്തുമായി നിരവധി ഡോക്ടര്‍മാര്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ ബാലകൃഷ്ണന്‍ വള്ളിയോട്, സെക്രടറി ഡോ അര്‍ജുന്‍ ആര്‍, ഡോ ജോ ജോര്‍ജ്, ഡോ പ്രശാന്ത് മാപ്പ, മീഡിയ കണ്‍വീനര്‍ ഡോ സുല്‍ഫിക്കര്‍ അലി എന്നിവര്‍ നേതൃത്വം നല്‍കി. പങ്കെടുത്ത ഡോക്ടര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രത്യേക സിഎംഇ ക്രെഡിറ്റ് സ്‌കോറുകളും ലഭ്യമാക്കിയിരുന്നു.

Back to top button
error: