KeralaNEWS

വെള്ളക്കെട്ടും വെളിച്ചക്കുറവുമില്ല;കൊച്ചി നഗരത്തെ അടിമുടിമാറ്റാനൊരുങ്ങി മെട്രോ റെയില്‍ ലിമിറ്റഡ്

കൊച്ചി:നഗരത്തെ അടിമുടിമാറ്റാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.നോണ്‍ മോട്ടറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട്  പദ്ധതിയുടെ ഭാഗമായി 116.73 കോടി രൂപയുടെ നിര്‍മാണ, നവീകരണ ജോലികളാണ് കൊച്ചി നഗരത്തിലും അതിനോടു ചേര്‍ന്നുള്ള മേഖലകളിലുമായി കെഎംആര്‍എല്‍ നടപ്പാക്കുന്നത്.

നിലവില്‍ കൊച്ചി മെട്രോ കടന്നുപോകുന്ന ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഭാഗങ്ങളിലാകും പദ്ധതിയുടെ ഭാഗമായ ജോലികള്‍ നടക്കുക. ഇതിനായി ഭൂപ്രദേശ സര്‍വേ, ഡിസൈന്‍ എന്നിവ പൂര്‍ത്തിയാക്കി.

കൊച്ചി മെട്രോ യാത്രയ്‌ക്കെത്തുന്നവരുടെ യാത്രാനുഭവം മികച്ചതാക്കാന്‍, ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയുടെ ഭാഗമായി മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രധാന റോഡുകളിലെ നടപ്പാതകള്‍, മീഡിയനുകള്‍ എന്നിവ മികച്ച നിലവാരത്തിലാക്കുകയാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഭിന്നശേഷിയുള്ളവര്‍, കാഴ്ചപരിമിതര്‍, വയോധികര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സുരക്ഷിതമായി സഞ്ചരിക്കാവുന്ന രീതിയില്‍ രാജ്യാന്തര നിലവാരത്തിലാണു നടപ്പാത നിര്‍മാണം.നിലവിലെ ഓടകള്‍ പുനര്‍ നിര്‍മിക്കാനും ആവശ്യമുള്ള ഇടങ്ങളില്‍ പുതിയവ നിര്‍മിക്കാനും പദ്ധതിയുണ്ട്.

മാന്‍ഹോളുകള്‍ ഉള്‍പ്പെടെ ഒരുക്കി, മഴക്കാലത്തെ വെള്ളക്കെട്ട് തടയാന്‍ നടപടിയെടുക്കും. ബസ് ബേകളും ആവശ്യമായ വഴിവിളക്കുകളും ഇരിപ്പിടങ്ങളും ഒരുക്കും. ആലുവ മുതല്‍ ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍ വരെയും കലൂര്‍- കടവന്ത്ര റോഡ്, മനോരമ ജംക്ഷന്‍ മുതല്‍ എസ്‌എ റോഡ്, തൃപ്പൂണിത്തുറ എസ്‌എന്‍ ജംക്ഷന്‍ വരെയുമാണ്  പദ്ധതിയുടെ ഭാഗമായ നിര്‍മാണ- നവീകരണ ജോലികള്‍ നടത്തുക.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: