KeralaNEWS

പഠനത്തില്‍ കണ്ടെത്തിയ ഇടം പൂവാര്‍; സര്‍ക്കാര്‍ ‘ഓകെ’ പറഞ്ഞാല്‍ ഖജനാവ് നിറയും!

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പൂവാര്‍ കപ്പല്‍ നിര്‍മ്മാണശാലയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 16 വര്‍ഷമായെങ്കിലും പദ്ധതിയുടെ കാര്യം പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. 2011ലാണ് പദ്ധതിയെക്കുറിച്ച് ആദ്യ പ്രഖ്യാപനമുണ്ടായത്.

സംസ്ഥാനത്തെ രണ്ടാമത്തെ കപ്പല്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിന് വേണ്ടി സാദ്ധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെ ചുമതലപ്പെടുത്തിയെന്നാണ് 2013ല്‍ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ വരുന്നതല്ലാതെ പദ്ധതിയുടെ കാര്യത്തില്‍ ഉറപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

സംസ്ഥാനത്ത് പുതിയ ഗ്രീന്‍ഫീല്‍ഡ് കപ്പല്‍ നിര്‍മ്മാണശാലയ്ക്കായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നടത്തിയ പഠനത്തിലാണ് ഏറ്റവും അനുയോജ്യമായ ഇടം പൂവാറാണെന്ന് കണ്ടെത്തിയത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൂവാറിലെ അന്താരാഷ്ട കപ്പല്‍ നിര്‍മ്മാണശാല പദ്ധതി പാടെ ഉപേക്ഷിച്ച മട്ടാണ്. ഏറ്റവുമൊടുവിലായി പദ്ധതിക്ക് ചെലവ് കൂടുതലാണെന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പൂവാര്‍ അന്താരാഷ്ട്ര കപ്പല്‍ നിര്‍മ്മാണ പദ്ധതി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.

പൂവാറിന്റെ ഗുണം

  •  24-30 മീറ്രര്‍ പ്രകൃതിദത്ത ആഴം
  • അന്താരാഷ്ട്ര കപ്പല്‍ചാലുമായി 10 നോട്ടിക്കല്‍മൈല്‍ ദൂരം മാത്രം
  •  രണ്ട് കിലോമീറ്റര്‍ നീളമുളള കടല്‍ത്തീരം
  •  200 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി
  • എന്‍.എച്ച് 66മായും റെയില്‍വേ ലൈനുമായും അടുത്ത പ്രദേശം
  • നെയ്യാറിലെ ശുദ്ധജല ലഭ്യത

നിര്‍ദ്ദിഷ്ട വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം തീരത്തെത്തുന്ന കൂറ്റന്‍ മദര്‍ വെസലുകള്‍ ഉള്‍പ്പെടെ വന്‍കിട കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. വിഴിഞ്ഞത്ത് ക്രൂചേഞ്ചിംഗ് ആരംഭിച്ചതിനാല്‍ നിരവധി കപ്പലുകളാണ് വന്നുപോകുന്നത്. അന്താരാഷ്ട്ര കപ്പല്‍ നിര്‍മ്മാണശാല പൂവാറില്‍ പ്രവര്‍ത്തിപ്പിക്കാനായാല്‍ നികുതി ഇനത്തിലും കോടികളുടെ വരുമാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: