വൻ തുകകള്‍ നല്‍കിയാണ് ഇവര്‍ ബ്രിട്ടനില്‍ എത്തിയത്. അതുകൊണ്ടു തന്നെ വന്ന കടങ്ങളെങ്കിലും വീട്ടാതെ തിരികെ നാട്ടിലെത്താനാകാത്ത അവസ്ഥയാണ് പലര്‍ക്കും. ഈ വര്‍ഷമാദ്യമാണ് ഇവരില്‍ പലരും യുകെയിലെത്തിയത്. 3 ഘട്ടമായി പണം നല്‍കി. ആദ്യം, 5600 രൂപ റജിസ്ട്രേഷൻ ഫീസ്. ഇന്റര്‍വ്യൂ ഘട്ടത്തില്‍ 2 ലക്ഷം രൂപ ഫീസായി വാങ്ങി. ബാങ്ക് അക്കൗണ്ട് വഴി നല്‍കാനാണു നഴ്സുമാര്‍ താല്‍പര്യപ്പെട്ടതെങ്കിലും വലിയ ജിഎസ്ടി നല്‍കേണ്ടിവരുമെന്നുപറഞ്ഞു പണമായി നേരിട്ട് വാങ്ങുകയായിരുന്നു.
ജോലി ഉറപ്പു നല്‍കി കൊണ്ടുള്ള കത്തിനു പിന്നാലെ മൂന്നര ലക്ഷവും വീസയുടെ സമയത്തു മറ്റൊരു മൂന്നര ലക്ഷം രൂപയും വാങ്ങി. ഇവ യുകെയിലുള്ള സ്ഥാപനത്തിന്റെ പേരിലാണ് അയച്ചത്. എന്നാല്‍, ലഭിച്ചതു സന്ദര്‍ശക വീസയും. 15 വയസ്സില്‍ താഴെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ ശുശ്രൂഷിക്കുന്ന ജോലിയായിരുന്നു വാഗ്ദാനം.
വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ തേടി കഴിഞ്ഞദിവസം പ്രവാസി ലീഗല്‍ സെല്‍ (യുകെ ചാപ്റ്റര്‍) മന്ത്രി എസ്.ജയശങ്കറിനു നിവേദനം നല്‍കിയിട്ടുണ്ട്.യുകെയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിന്റെ സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ടെന്നു പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ സോണിയ സണ്ണി പറഞ്ഞു.