KeralaNEWS

പ്രണയാഭ്യർഥന നിരസിച്ചതിന് യുവാവ് വീട്ടിൽ കയറി ക്രൂരമായി വെട്ടി മുറിവേൽപ്പിച്ച നഴ്‌സിങ് വിദ്യാർഥിനി അല്‍ക്ക അന്ന ബിനു ഒടുവിൽ വിട വാങ്ങി

    പെരുമ്പാവൂര്‍ രായമംഗലത്ത് യുവാവ് വീട്ടിൽകയറി വെട്ടിയ പെൺകുട്ടി മരിച്ചു. കുറുപ്പംപടി രായമംഗലം പാണിയാടൻ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകൾ അൽക്ക അന്ന ബിനുവാണു (20) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഏഴു ദിവസമായി അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പെൺകുട്ടിയെ വെട്ടിയ ഇരിങ്ങോൾ മുക്കളംഞ്ചേരി ബേസിൽ (21) ആക്രമണത്തിനു പിന്നാലെ സ്വന്തം  വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ കോളജിൽ രണ്ടാം വർഷം ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു അൽക്ക.

പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു ആക്രമണ കാരണം. യുവാവിന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ ഔസേപ്പിനും മുത്തശ്ശി ചിന്നമ്മയ്ക്കും പരുക്കേറ്റിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് അൽക്ക വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. ഔസേഫും ഭാര്യ ചിന്നമ്മയും മുറിക്കുള്ളിലായിരുന്നു. ഈ സമയത്താണ് അതിക്രമിച്ചു കയറിയ  ബേസിൽ അൽക്കയെ വാക്കത്തികൊണ്ടു വെട്ടി ഗുരുതരമായി പരുക്കേൽപിച്ചത്. അല്‍ക്കയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് ബിനു എറണാകുളത്തേക്ക് ഓട്ടം പോയതായിരുന്നു. അമ്മ മഞ്ജു തയ്യൽ ജോലിക്കും സഹോദരി സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണം. കഴുത്തിലും തലയിലും ആഴത്തില്‍ മുറിവേറ്റ അല്‍ക്കയെ ആദ്യം പെരുമ്പാവൂരിലെ ആശുപത്രിയിലും പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ആക്രമിച്ചത് ബേസിലാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് പറയുന്നു. ബേസില്‍ പലപ്പോഴും പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് വിവരം. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
ക്രൂരകൃത്യത്തിനു ശേഷം യുവാവ് കടന്നുകളഞ്ഞു.

പൊലീസും നാട്ടുകാരും യുവാവിനായി തിരച്ചിൽ നടത്തുന്നതിനിടയിലാണു ഉച്ചയ്ക്കു 2.30ന് ഇരിങ്ങോൾ പള്ളിക്കു സമീപമുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ബേസിലിനെ കണ്ടെത്തിയത്. പൊലീസെത്തുമ്പോഴേക്കും മരിച്ചിരുന്നു. ഈ സമയം ബേസിലിന്റെ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ബേസിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു.

അല്‍ക്കയുടെ സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബാല കത്തീഡ്രല്‍ പള്ളിയില്‍.

Back to top button
error: