KeralaNEWS

സോളാര്‍ ഗൂഢാലോചന : സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍  വെട്ടിലാകുന്നത് പഴയ യുഡിഎഫ് നേതാക്കൾ

കൊച്ചി: സോളാര്‍ ഗൂഢാലോചന സംബന്ധിച്ച്‌ സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഒരേപോലെ വെട്ടിലാകുന്നത് പഴയ യുഡിഎഫിലെ
രണ്ട്  വിഭാഗങ്ങളാണ് – പിസി ജോര്‍ജും കെബി ഗണേശ് കുമാറും.

ഗണേശ് കുമാര്‍ യുഡിഎഫിലേയ്ക്ക് ചായാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുമ്ബോഴാണ് വെള്ളിടിപോലെ സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.ഇനി ഒരു 10 വര്‍ഷത്തേയ്ക്കെങ്കിലും ഗണേശിന്‍റെ യുഡിഎഫ് പ്രവേശനം സാധ്യമാകില്ലെന്നുറപ്പോയപ്പോഴാണ് ധൈര്യമായി – രാഷ്ട്രീയം നിര്‍ത്തിയാലും യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് ഗണേശ് നിയമസഭയില്‍ പറഞ്ഞത്.

സമാനമായ രീതിയില്‍ ഓര്‍ക്കാപ്പുറത്തുള്ള അടിയാണ് ഇതിലൂടെ പിസി ജോര്‍ജിനും കിട്ടിയിരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫിലെത്തി പൂഞ്ഞാറില്‍ മുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിക്കാനായിരുന്നു ജോര്‍ജിന്‍റെ പദ്ധതി. അതും പാളി.

കാരണം, പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തെന്ന ആരോപണമാണ് ഗണേശ് കുമാറിനെതിരെ ഉള്ളതെങ്കില്‍ ‘ആ അരുതാത്ത ദൃശ്യങ്ങള്‍ ഞാന്‍ എന്‍റെ കണ്ണുകൊണ്ട് കണ്ടുവെന്ന് ‘ ചാനലുകള്‍ക്കു മുമ്ബില്‍ ആവര്‍ത്തിച്ചു പറഞ്ഞു നടന്നയാളാണ് പിസി ജോര്‍ജ്.

പിന്നീട് രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം മാറി ഇടതുപക്ഷം അധികാരത്തെലെത്തിയശേഷം നടത്തിയ സിബിഐ അന്വേഷണത്തെ തുടര്‍ന്നുള്ള മൊഴിയെടുപ്പിലാണ് ജോര്‍ജ് അന്ന് പറഞ്ഞതെല്ലാം നിഷേധിച്ചത്. അപ്പോള്‍ ജോര്‍ജിന്‍റെ ഇടതുമുന്നണി പ്രവേശന സാധ്യതകളെല്ലാം വഴിയടഞ്ഞ് യുഡിഎഫിനെ ലക്ഷ്യം വച്ചിരിക്കുമ്ബോഴായിരുന്നു മൊഴിയെടുക്കല്‍.

കേസ് തനിക്കെതിരെ തിരിയാതിരിക്കാന്‍ പിസി ജോര്‍ജു തന്നെ ഒരു പരാതി കഴിഞ്ഞ ദിവസം ഡിജിപിക്ക് നല്‍കിയിരുന്നു. വീണ്ടും കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കാനായിരുന്നു ഈ ശ്രമം. പക്ഷേ അതുകൊണ്ടൊന്നും ജോര്‍ജിന്‍റെ മേലുള്ള ആരോപണം മാഞ്ഞുപോകില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ സോളാർ പരാതിക്കാരി പ്രസവിച്ചത് തന്റെ കുഞ്ഞിനെയാണെന്ന സിബിഐ റിപ്പോര്‍ട്ട് ഉടനെയൊന്നും ഗണേഷ്കുമാറിനെ വിട്ടൊഴിയാൻ പോകുന്നില്ല.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടിലാണ് ഈ‌ വിവരമുള്ളത്.

പരാതിക്കാരി ഗണേഷ് കുമാറിനെ 2009ല്‍ സെക്രട്ടേറിയറ്റില്‍ വച്ചാണ് പരിചയപ്പെട്ടത്. പിന്നീട് അവര്‍ പ്രണയത്തിലായി. വഴുതക്കാട് ടാഗോര്‍ ലെയ്നിലെ വീട്ടില്‍ അവര്‍ സ്ഥിരമായി കാണുമായിരുന്നു. 2009 ആഗസ്റ്റില്‍ പരാതിക്കാരി ഗര്‍ഭിണിയായി. ഗണേഷ് കുമാറിന്റെ അമ്മയില്‍ നിന്ന് ഉറപ്പു ലഭിച്ചതിനെത്തുടര്‍ന്ന് പരാതിക്കാരി ഗര്‍ഭം അലസിപ്പിച്ചില്ല.

2010ജനുവരി 10ന് തട്ടിപ്പുകേസില്‍ പരാതിക്കാരി അറസ്റ്റിലായി. റിമാൻഡിലായിരിക്കെ, 2010 ഏപ്രില്‍ ഒന്നിന് പരാതിക്കാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു.തന്റെ പേര് പരാതിക്കാരി പറയാനിടയുണ്ടെന്നും ഏതു വിധേനയും തടയണമെന്നും ഗണേഷ് ആവശ്യപ്പെട്ടതായി ബന്ധു ശരണ്യ മനോജിന്റെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.

സോളാര്‍ ലൈംഗിക ആരോപണക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയത് ഗണേഷ് കുമാറാണെന്നും സരിത ജയിലില്‍ നിന്നും എഴുതിയ കത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുണ്ടായെന്നും സരിതയുടെ മുന്‍ വക്കീലായ ഫെനി ബാലകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ പേരിനൊപ്പം ജോസ് കെ മാണിയുടെ പേരുകൂടി ഇതില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. സരിത ജയിലില്‍ വെച്ചെഴുതിയ 21 പേജുള്ള കത്ത് ഗണേഷ് കുമാറിന്റെ സഹായി പ്രദീപ് കോട്ടാത്തലയ്ക്കാണ് കൈമാറിയത്. കത്തില്‍ ഗണേഷിനെതിരേയും പീഡന പരാതിയിരുണ്ടായിരുന്നു. അത് ഒഴിവാക്കി 4 പേജുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു.എഴുതിച്ചേര്‍ത്ത പേജുകള്‍ ഉള്‍പ്പെടെയുള്ള കത്ത് പിന്നീട് സരിതയ്ക്ക് തന്റെ കാറില്‍ വെച്ച്‌ ശരണ്യ മനോജ് ആണ് കൈമാറുന്നത്.ജാമ്യത്തിലിറങ്ങിയശേഷം ആ കത്തുമായാണ് സരിത വാര്‍ത്താസമ്മേളനം നടത്തിയതെന്നും ഫെനി പറയുന്നു.

ജോസ് കെ മാണിക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതുമല്ല. ഡല്‍ഹിയിലെ ഒരു പബ്ലിക് ടോയ്‌ലെറ്റില്‍ വച്ച്‌ അരുതാത്ത ബന്ധത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു ആരോപണം.ജോസ് കെ മാണിക്കെതിരായ നീക്കത്തിന് പിന്നില്‍ പിസി ജോര്‍ജാണെന്ന് അന്നേ നാട്ടിൽ പാട്ടായിരുന്നു. യുഡിഎഫിന്റെ ഭാഗമായിരിക്കെ സോളാര്‍ കേസില്‍ സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി എത്തിയ വ്യക്തിയാണ് ജോര്‍ജ്. സ്വന്തം പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളുണ്ടാക്കിയ പിസി ജോര്‍ജ് ജോസ് കെ മാണിക്ക് കുരുക്കിടുകയായിരുന്നു എന്ന് വ്യക്തം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: