CrimeNEWS

കുട്ടിയെ ഇടിച്ചത് അബദ്ധവശാല്‍ കാര്‍ നിയന്ത്രണംവിട്ടെന്ന് പ്രതി; ഭാര്യക്കെതിരെയും പരാതി

തിരുവനന്തപുരം: പൂവച്ചലില്‍ കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖര്‍(15) കൊല്ലപ്പെട്ട കേസിലെ പ്രതി പ്രിയരഞ്ജനെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. സംഭവം നടന്ന പൂവച്ചല്‍ പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷമാണ് പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയാണ് വന്‍ പോലീസ് സന്നാഹത്തോടെ പ്രിയരഞ്ജനെ പുളിങ്കോട്ട് തെളിവെടുപ്പിനെത്തിച്ചത്. എങ്ങനെയാണ് സംഭവമുണ്ടായതെന്ന് ഇയാള്‍ പോലീസിനോടു വിശദീകരിച്ചു. തിങ്കളാഴ്ച പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ തടിച്ചുകൂടി പ്രതിഷേധമുയര്‍ത്തിയിരുന്നു.

Signature-ad

ഇക്കാരണത്താല്‍ ചൊവ്വാഴ്ച കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ ഷിബുകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് അകമ്പടിയൊരുക്കിയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പത്തുമിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മടങ്ങി.

മനഃപൂര്‍വം ചെയ്തതല്ലെന്നും അബദ്ധവശാല്‍ കാര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നുമാണ് പ്രിയരഞ്ജന്‍ പറഞ്ഞത്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു.

പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകന്‍ ആദിശേഖറാ(15)ണ് ഓഗസ്റ്റ് 30-ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളിക്ഷേത്രത്തിനു മുന്നില്‍െവച്ച് കാറിടിച്ചു മരിച്ചത്. ക്ഷേത്രത്തിനു മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ മുന്‍വൈരാഗ്യത്താല്‍ പ്രിയരഞ്ജന്‍ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

അലക്ഷ്യമായി വാഹനമോടിച്ച് ഉണ്ടാക്കിയ അപകടമെന്ന നിലയിലാണ് ആദ്യം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപകടത്തിന്റെ സി.സി. ടി.വി. ദൃശ്യം പുറത്തുവന്നതോടെ വിശദമായ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. സംഭവം നടന്ന ദിവസം ഒളിവില്‍പ്പോയ പ്രിയരഞ്ജനെ 11 ദിവസത്തിനു ശേഷം തമിഴ്നാട് അതിര്‍ത്തിയില്‍നിന്നാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റുചെയ്തത്.

അതേസമയം,പ്രതി പ്രിയരഞ്ജന്റെ ബന്ധുക്കള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അപവാദപ്രചാരണം നടത്തുന്നതായി, മരിച്ച ആദിശേഖറിന്റെ അച്ഛന്‍ അരുണ്‍കുമാര്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കി.

പ്രതി കുട്ടിയെ ഇടിച്ചിട്ടതാണെന്നു വ്യക്തമാക്കുന്ന സി.സി. ടി.വി. ദൃശ്യം പുറത്തുവന്നതിനു പിന്നാലെയാണ് അപകടത്തെക്കുറിച്ചു വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ പരാതി നല്‍കിയത്. അതിനുശേഷമാണ് അപവാദപ്രചാരണമെന്നും ഇതിനു പിന്നില്‍ പ്രതിയുടെ ഭാര്യയാണെന്നും ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ ആദിശേഖറിന്റെ മാതാപിതാക്കളെ അധിക്ഷേപിക്കുന്നതിനു പിന്നില്‍ പ്രിയരഞ്ജന്റെ ഭാര്യയാണെന്ന് തെളിവെടുപ്പുസമയത്ത് അരുണ്‍കുമാറിന്റെ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

അതിനിടെ, പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ (14) കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഒക്ടോബര്‍ നാലിന് കമ്മിഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ നടപടി.

Back to top button
error: