NEWSPravasi

വീട്ടുകാരെ ഉപേക്ഷിച്ച്, പാസ്‌പോര്‍ട്ടോ ഇഖാമയോ ഇല്ലാതെ മൂന്നു പതിറ്റാണ്ട് സൗദിയില്‍; രോഗം തളര്‍ത്തിയ ബാലചന്ദ്രന്‍ പിള്ളയെ കുടുംബത്തിനും വേണ്ട

റിയാദ്: വീടുമായും നാടുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് ഇഖാമ പോലുമില്ലാതെ 31 വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ച പ്രവാസി മലയാളി രോഗം തളര്‍ത്തിയതോടെ ജീവിത സായാഹ്നത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. പാസ്പോര്‍ട്ട്, ഇഖാമ തുടങ്ങിയ രേഖകളൊന്നുമില്ലാതെ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ കൊല്ലം പുനലൂര്‍ സ്വദേശി ബാലചന്ദ്രന്‍ പിള്ളയാണ് മടക്കയാത്രയ്ക്ക് വഴിതേടി സാമൂഹിക പ്രവര്‍ത്തകരെ സമീപിച്ചത്.

കുടുംബത്തെ സംരക്ഷിക്കുകയോ ഒരിക്കലും ബന്ധപ്പെടുകയോ ചെയ്യാതെ വിദേശത്ത് കഴിഞ്ഞതിനാല്‍ ബാലചന്ദ്രന്‍ പിള്ളയെ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് നാട്ടിലുള്ള കുടുംബം അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട റിയാദ് കേളി കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കേരളത്തിലെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

മൂന്നു പതിറ്റാണ്ട് മുമ്പ് സൗദിയില്‍ എത്തിയതിന്റെ ഒരു രേഖയും ഇല്ലാത്തതിനാല്‍ ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കാനുള്ള നീക്കം ഏറെ ശ്രമകരമായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം ലേബര്‍ കോടതി, നാടുകടത്തല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കിയിരുന്നു. സൗദിയിലെത്തിയതിന്റെ ഒരു തെളിവും ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ രണ്ടു തവണ ലേബര്‍ കോടതി അപേക്ഷ തള്ളി. പിന്നീട് നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് വിരലടയാളം എടുക്കാനുള്ള ശ്രമം നടത്തി. മൂന്നാം ശ്രമത്തില്‍ വിരലടയാളം പതിഞ്ഞുകിട്ടിയതോടെ തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യാത്രചെയ്യാനുള്ള ആരോഗ്യ സ്ഥിതി വീണ്ടെടുക്കുകയും എംബസിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്താല്‍ ഇന്ത്യയിലേക്ക് മടങ്ങാനാവും.

1992ലാണ് ബാലചന്ദ്രന്‍ പിള്ള സൗദിയിലെത്തുന്നത്. റിയാദിലെ അല്‍ഖര്‍ജില്‍ ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലിക്കായി എത്തിയ ശേഷം ഏതാനും വര്‍ഷം ഇവിടെ തുടര്‍ന്നു. മൂന്ന് വര്‍ഷം കഴിഞ്ഞ് സ്പോണ്‍സര്‍ മരിച്ചതോടെ പാസ്പോര്‍ട്ട് നഷ്ടമായി. പിന്നീട് ഒരിക്കല്‍പോലും ഇഖാമ എടുക്കുകയോ പുതിയ പാസ്പോര്‍ട്ട് ലഭിക്കാന്‍ എംബസിയെ സമീപിക്കുകയോ ചെയ്തില്ല. റിയാദിന്റെ പലഭാഗങ്ങളിലായി മാറിമാറി ജോലി ചെയ്തുവന്ന ഇദ്ദേഹം എവിടെയും സ്ഥിരമായി ജോലിക്ക് നില്‍ക്കുകയോ ആളുകളുമായി ബന്ധം സ്ഥാപിക്കുകയോ ഉണ്ടായില്ല.

രേഖകളില്ലാത്തത് ശരിക്കും കുഴക്കിയത് കൊവിഡ് കാലത്താണ്. ഇഖാമ ഇല്ലാത്തതിനാല്‍ കൊവിഡ് ബാധിച്ചിട്ടും സ്വയംചികില്‍സ നടത്തി. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും സുഹൃത്തുക്കള്‍ വഴിയും മരുന്നുകള്‍ വാങ്ങി പിടിച്ചുനിന്നു. ആരോഗ്യം വീണ്ടെടുക്കാനാവാതെ അവശനായതോടെ നാട്ടില്‍ പോകുന്നതിനുള്ള ആലോചന തുടങ്ങി. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തതിനാല്‍ ഭീമമായ സാമ്പത്തിക ചിലവ് വഹിക്കേണ്ടി വരുമെന്നതിനാല്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും സഹായിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു.

തുടര്‍ന്നാണ് കേളി പ്രവര്‍ത്തകര്‍ റിയാദ് ഹയാത്ത് നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇന്ത്യന്‍ എംബസിയില്‍ വിവരം ധരിപ്പിക്കുകയും ചെയ്തത്. എംബസിയുടെ ഇടപെടലില്‍ പൂര്‍ണമായ ചികിത്സ ഉറപ്പുവരുത്തുകയും കൂടുതല്‍ ഉയര്‍ന്ന ചികിത്സക്കയി ശുമൈസിയിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുകയും ചെയ്തു.

സൗദിയിലേക്ക് 31 വര്‍ഷം മുമ്പ് പുറപ്പെടുമ്പോള്‍ ബാലചന്ദ്രന് ഭാര്യയും ഒരു മകളും ഉണ്ടായിരുന്നു. പിന്നീട് ഇവരുടെ കാര്യങ്ങള്‍ അന്വേഷിക്കാത്തതിനാല്‍ രോഗംബാധിച്ച് വാര്‍ധക്യത്തില്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. കേരള പ്രവാസി സംഘം കൊല്ലം ജില്ലാ ഘടകവുമായി ചേര്‍ന്ന് കേരള സര്‍ക്കാരിന് കീഴിലെ ഏതെങ്കിലും വൃദ്ധസദനത്തില്‍ എത്തിക്കാനാണ് കേളി പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: