കണ്ണൂര്‍: സി.പി.ഐ. ലോക്കല്‍ കമ്മിറ്റി നടത്തിയ പ്രചാരണ കാല്‍നടജാഥ തളിപ്പറമ്പ് കണിക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞു. ‘ബി.ജെ.പി.യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’വെന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു ജാഥ. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ എത്തിയാണ് ജാഥാംഗങ്ങള്‍ക്കെതിരെ ബഹളമുണ്ടാക്കിയത്. സി.പി.ഐ. പ്രവര്‍ത്തകര്‍ തിരിച്ചും പ്രതികരിച്ചതോടെ ഉന്തുംതള്ളുമായി.
സി.പി.ഐക്ക് പ്രാതിനിധ്യമില്ലാത്ത കണിക്കുന്നില്‍ പ്രസംഗിക്കേണ്ടെന്ന് പറഞ്ഞാണ് ജാഥ തടഞ്ഞതെന്ന് നേതാക്കള്‍ ആരോപിച്ചു. സി.പി.എം. വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ കോമത്ത് മുരളീധരനു നേരേയായിരുന്നു എതിര്‍പ്പ്. ഇരുഭാഗത്തെയും നേതാക്കളുടെ ശ്രമഫലമായി സംഘര്‍ഷം ഒഴിവായി.
ഒരുവര്‍ഷംമുന്‍പ് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ ഒരുസംഘം സി.പി.എം. പ്രവര്‍ത്തകര്‍ കീഴാറ്റൂര്‍-മാന്ധംകുണ്ട് പ്രദേശത്തുനിന്ന് സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. പിന്നീട് സി.പി.ഐക്ക് ഈ ഭാഗത്ത് സ്വാധീനം വര്‍ധിച്ചു. പുതുതായി ബ്രാഞ്ച് കമ്മിറ്റികളുണ്ടാക്കുകയും ലോക്കല്‍ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു.