തിരുവനന്തപുരം: സോളര്‍ തട്ടിപ്പുകേസില്‍ ജയിലില്‍നിന്നിറങ്ങിയ തന്നെ കെ.ബി.ഗണേഷ്‌കുമാര്‍ 6 മാസം ബന്ധുവീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നു സോളര്‍ ലൈംഗികാരോപണ കേസിലെ പരാതിക്കാരി ആരോപിച്ചു. ചാനല്‍ അഭിമുഖത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആദ്യമായാണ് പരാതിക്കാരി ഗണേഷിനെതിരെ രംഗത്തുവരുന്നത്.
”2014 ഫെബ്രുവരി 21നു ശേഷം എന്നെ ജയിലില്‍നിന്നു നേരെ കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ ബന്ധുവീട്ടിലേക്കു കൊണ്ടുപോയി 6 മാസത്തോളം തടവില്‍വച്ചത് എന്തിനെന്ന് ഗണേഷ്‌കുമാര്‍ ഉത്തരം പറയട്ടെ. അതിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തുപറഞ്ഞാല്‍ മോശമാകുന്നത് അവരുടെ മുഖമായിരിക്കും” -പരാതിക്കാരി പറഞ്ഞു.
ഗണേഷിന്റെ പിതാവ് ആര്‍.ബാലകൃഷ്ണപിള്ളയും കോണ്‍ഗ്രസ് നേതാക്കളും മൊഴികള്‍ മാറ്റാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുംമുന്‍പാണ് ചാനലിന് അഭിമുഖം അനുവദിച്ചതെങ്കിലും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് സംപ്രേഷണം ചെയ്തത്.
അതേസമയം, സോളര്‍ കേസിലെ മുഖ്യപ്രതി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയെന്ന് ഗണേഷിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യ മനോജ്് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
പരാതിക്കാരി നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷും അദ്ദേഹത്തിന്റെ പിഎ പ്രദീപ് കോട്ടാത്തലയുമാണ്. പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കല്ലേറ് കൊണ്ടിട്ടും സോളാറുമായി ബന്ധപ്പെട്ട രഹസ്യം പറഞ്ഞില്ല. രക്ഷിക്കണമെന്ന് പറഞ്ഞതിനാല്‍ താന്‍ അന്ന് ഇടപെട്ടെന്നും തെരഞ്ഞെടുപ്പു യോഗത്തില്‍ മനോജ് വെളിപ്പെടുത്തിയിരുന്നു.