IndiaNEWS

നായിഡുവിന്റെ ജയില്‍വാസം: ഇന്ന് ടിഡിപിയുടെ ആന്ധ്രാ ബന്ദ്; ആഘോഷമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ്

അമരാവതി: അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ എന്‍.ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറിയും വീട്ടില്‍ നിന്നുള്ള ഭക്ഷണവും അനുവദിച്ച് കോടതി. സുരക്ഷാഭീഷണിയുള്ളതിനാല്‍ 73 വയസുകാരനായ നായിഡുവിനെ പ്രത്യേകം തമാസിപ്പിക്കാന്‍ അമരാവതിയിലെ എസിബി കോടതി രാജാമഹേന്ദ്രവാരം സെന്‍ട്രല്‍ പ്രിസണ്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കി. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണു ചന്ദ്രബാബു നായിഡു. ഇനി സെപ്റ്റംബര്‍ 22 ന് നായിഡുവിനെ കോടതിയില്‍ ഹാജരാക്കും.

അതിനിടെ, ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെതിരെ അന്ധ്രപ്രദേശില്‍ പ്രതിഷേധം. ടിഡിപി ഇന്ന് ആന്ധ്രപ്രദേശില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഇതിനു പുറമെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട വിജയവാഡ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെ ഞായറാഴ്ച രാത്രി തന്നെ ഹൈക്കോടതിയെ സമീപിക്കാനും ടിഡിപി തീരുമാനിച്ചിരുന്നു. അര്‍ധരാത്രിയായാലും കോടതിയെ സമീപിക്കാനാണ് ടിഡിപിയുടെ നീക്കം.

Signature-ad

അതേസമയം, ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്രയില്‍ ആഘോഷമാക്കി. ജാമ്യം നിഷേധിച്ചത് പടക്കം പൊട്ടിച്ചാണ് വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ചന്ദ്രബാബു നായിഡുവിനെ രാജമണ്ട്രി ജയിലേക്ക് മാറ്റി. കനത്ത സുരക്ഷയിലാണു ചന്ദ്രബാബു നായിഡുവിനെ ഞായറാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്നെ കേസില്‍പ്പെടുത്തുകയായിരുന്നെന്നാണു നായിഡു കോടതിയില്‍ പറഞ്ഞത്. നന്ദ്യാല്‍ ജില്ലയില്‍ പൊതുപരിപാടി കഴിഞ്ഞു കാരവാനില്‍ ഉറങ്ങുന്നതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെ ആന്ധ്ര പൊലീസിലെ സിഐഡി വിഭാഗം നായിഡുവിനെ കസ്റ്റഡിയിലെടുത്തത്.

Back to top button
error: