IndiaNEWS

അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും പട്ടികയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് ബംഗാള്‍ ഗവര്‍ണ്ണര്‍ സി വി ആനന്ദബോസ്

കൊൽക്കത്ത: സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ വൈസ് ചാന്‍സിലര്‍ നിയമനം നടത്തിയതില്‍ വിശദീകരണവുമായി ബംഗാള്‍ ഗവര്‍ണ്ണര്‍ സി വി ആനന്ദബോസ്. അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും പട്ടികയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് ആനന്ദ്ബോസ് വ്യക്തമാക്കി. ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത കിട്ടാതെ സര്‍ക്കാര്‍ ബില്ലുകളില്‍ ഒപ്പ് വയ്ക്കില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ആനന്ദബോസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരിക്കുകയാണ്.

പശ്ചിമബംഗാളിലെ എട്ട് സര്‍വകാലശാലകളില്‍ ഇടക്കാല വൈസ് ചാന്‍സിലര്‍മാരെ ആനന്ദ ബോസ് നിയമിച്ചതാണ് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ വഷളാക്കിയത്. സര്‍ക്കാര്‍ നല്‍കിയ പട്ടിക പാടെ അവഗണിച്ച് ഗവര്‍ണ്ണര്‍ നിയമനം നടത്തുകയായിരുന്നു. ആനന്ദബോസിന്‍റെ ന്യായീകരണം ഇങ്ങനെ. സര്‍ക്കാര്‍ തന്ന പട്ടികയിലുള്ളവരെ കുറിച്ച് സ്വന്തം നിലക്ക് അന്വേഷിച്ചു. അവരില്‍ ചിലര്‍ അഴിമതിയുടെ പശ്ചാത്തലമുള്ളവരാണ്. സ്വന്തം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി നേരിടുന്നവരാണ് ചിലര്‍. അധ്യാപക ജോലിയുടെ മറവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് മറ്റൊരു കൂട്ടര്‍. അതുകൊണ്ട് മികച്ച അക്കാദമിക പശ്ചാത്തലമുള്ളവരെ കണ്ടെത്തി താന്‍ തന്നെ നിയമിക്കുകയായിരുന്നു.

കൊല്‍ക്കത്ത ഹൈക്കോടതി നിയമനം ശരിവച്ചെന്നും ആനന്ദബോസ് പറയുന്നു. സേര്‍ച്ച് ,സെലക്ഷന്‍ കമ്മിറ്റികള്‍ നിലവില്‍ വന്ന ശേഷം സ്ഥിരം നിയമനം നടത്തും. അതേ സമയം സര്‍ക്കാര്‍ നല്‍കിയ എട്ട് ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണ്ണര്‍ മാറ്റി വച്ചിരിക്കുകയാണ്. താന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി കിട്ടിയിട്ടില്ലെന്നും ശേഷം പരിശോധിക്കാമെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി. ഈ നടപടികളില്‍ പ്രതിഷേധിച്ചാണ് ആനന്ദബോസിനെ മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ ശക്തമാക്കുന്നത്.

രാജ് ഭവന് മുന്നിൽ ധര്‍ണ്ണയിരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഭീഷണി മുഴക്കിയിരിക്കുകയാണ്. തുടക്കത്തില്‍ സര്‍ക്കാരുമായി യോജിച്ച് പോയിരുന്ന ആനന്ദബോസ് ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ശൈലിമാറ്റിയത്. മമതയുമായി തുടരുന്ന പോരില്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണ്ണറേയും കണ്ണി ചേര്‍ത്തിരിക്കുകയാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: