KeralaNEWS

മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ എല്‍ജെഡി; ആര്‍ജെഡിയുമായി ലയിക്കും

കോഴിക്കോട്: എല്‍ഡിഎഫിലെ അവഗണനയ്‌ക്കെതിരെ ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കടുത്ത വിമര്‍ശനം. കോഴിക്കോട് ലോക് സഭാ സീറ്റ് ചോദിച്ചു വാങ്ങണമെന്നും അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട മന്ത്രി സ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് തയാറായിട്ടില്ലെന്നതാണ് പ്രധാന വിമര്‍ശനങ്ങളിലൊന്ന്.

ഇക്കാര്യം എല്‍ഡിഎഫിനോട് ആവശ്യപ്പെടും. കാലിക്കറ്റ് സര്‍വകലാശാലയില്‍ പാര്‍ട്ടിക്ക് അര്‍ഹപ്പെട്ട സ്ഥാനങ്ങള്‍ നല്‍കിയിട്ടിലെന്നും വിമര്‍ശനം ഉയര്‍ന്നതായി ചില സംസ്ഥാന നേതാക്കള്‍ പറഞ്ഞു. എല്‍ജെഡിക്ക് രാജ്യസഭാ എംപി സ്ഥാനം നല്‍കിയാല്‍ പോര. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് പാര്‍ട്ടിക്ക് വേണമെന്നും നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Signature-ad

അതേസമയം, ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി) ലയിക്കാന്‍ കോഴിക്കോട് ചേര്‍ന്ന എല്‍ജെഡി സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന ജനാധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവുമായ നിലപാടുകള്‍ രാജ്യത്തിന്റെ ഐക്യവും ഭരണഘടനാമൂല്യങ്ങളും തകര്‍ത്തിരിക്കുകയാണെന്ന് യോഗം വിലയിരുത്തി.

വിശാല പ്രതിപക്ഷ ഐക്യനിരയായ ‘ഇന്ത്യ’യുടെ രൂപീകരണത്തിന് നേതൃത്വപരമായ പങ്കുവഹിച്ച രാഷ്ട്രീയ ജനതാദളിന് ദേശീയ രാഷ്ട്രീയത്തിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് ആര്‍ജെഡിയില്‍ ലയിക്കാനുള്ള തീരുമാനമെടുത്തത്. എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ തീരുമാനം 25നകം ജില്ലാക്കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യും. അടുത്തമാസം ലയനസമ്മേളനം നടത്താനാണ് ശ്രമം.

 

Back to top button
error: