NEWSWorld

50വയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80 ശതമാനം വർദ്ധിച്ചതായി പഠനം

ആ​ഗോളതലത്തിൽ 50 വയസ്സിനു താഴെ പ്രായമുള്ളവരിലെ കാൻസർ സ്ഥിരീകരണനിരക്ക് 80 ശതമാനം കൂടിയെന്ന് പഠനം. 30 വർഷത്തിന് ഇടയിലാണ് ഈ വൻകുതിപ്പുണ്ടായത് എന്നും പഠനം പറയുന്നു. സ്കോട്ലന്റിലെ എഡിൻബർ​ഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

2019-ലെ കണക്കുകൾ പ്രകാരം അമ്പതിനു താഴെ കാൻസർ ബാധിക്കുന്നവരുടെ എണ്ണം മുപ്പതുവർഷത്തിനിടെ 1.82 ദശലക്ഷത്തിൽ നിന്ന് 3.26 ദശലക്ഷമായെന്ന് പഠനം വ്യക്തമാക്കുന്നു. ബി.എം.ജെ ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

204 രാജ്യങ്ങളിൽ നിന്നായി 29ഓളം വിവിധ കാൻസറുകളെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഇതിൽ സ്തനാർബുദ നിരക്കിലാണ് കൂടുതൽ വർധനവുണ്ടായിരിക്കുന്നതെന്ന് ​ഗവേഷകർ കണ്ടെത്തി.

ശ്വാസനാളത്തിലെ കാൻസറും പ്രോസ്റ്റേറ്റ് കാൻസറും ചെറുപ്പക്കാരിൽ കൂടുന്നതായും പഠനത്തിൽ പറയുന്നു. 1990-നും 2019നും ഇടയിൽ ക്രമാനു​ഗതമായ വർധനവാണ് ഈ അർബുദനിരക്കുകളിൽ രേഖപ്പെടുത്തിയത്. അതേസമയം നേരത്തേ ബാധിക്കുന്ന ലിവർ കാൻസർ കേസുകളിൽ 2.88 ശതമാനം വാർഷിക ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

കാൻസർ നിരക്കുകളുടെ വർധനവിൽ ജനിതക ഘടകങ്ങൾ പ്രധാന കാരണമായി നിലനിൽക്കുന്നു എങ്കിലും റെഡ്മീറ്റ്, ഉപ്പ്, മദ്യം, പുകയില എന്നിവയുടെ അമിതോപയോ​ഗവും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോ​ഗക്കുറവുമൊക്കെ കാരണങ്ങളാണ് എന്ന് ​ഗവേഷകർ പറയുന്നു.

വ്യായാമക്കുറവും അമിതവണ്ണവും പ്രമേഹവുമെല്ലാം ഇവയുടെ ആക്കം കൂട്ടുന്നുണ്ടെന്നും ​ഗവേഷകർ വ്യക്തമാക്കി. അമ്പതു വയസ്സിനു താഴെ കാൻസർ ബാധിക്കുന്നവരിൽ ആരോ​ഗ്യം ക്ഷയിക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ നിരക്ക് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണെന്നും പഠനത്തിൽ പറയുന്നു.

ആരോ​ഗ്യകരമായ ജീവിതരീതി പിന്തുടരുകയും പോഷകപൂർണമായ ഡയറ്റ് തുടരുകയും ലഹരിയോട് വിടപറയുകയും വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ കാൻസർ സാധ്യത കുറച്ചേക്കാമെന്നും പഠനത്തിലുണ്ട്.

Back to top button
error: