Fiction

ആത്മബലം തിരിച്ചറിഞ്ഞു പ്രയത്‌നിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ജീവിതം ലഭിക്കും, അല്ലാത്തവർക്ക് എന്നും അപരനെ ആശ്രയിക്കേണ്ടി വരും

വെളിച്ചം

രാജാവ് നായാട്ടിന് പോയതായിരുന്നു. മൃഗങ്ങളുടെ ആക്രമണത്തില്‍ രാജാവിന് പരിക്കേറ്റു.  തൊട്ടടുത്ത് കണ്ട കുടിലില്‍ അദ്ദേഹം അഭയം തേടി. രാജാവാണ്  വന്നതെന്നറിയാതെ വീട്ടുടമ അദ്ദേഹത്തെ ശുശ്രൂഷിച്ചു.  ഭക്ഷണവും മരുന്നും നല്‍കി.  ആ വീട്ടില്‍ നിറയെ ശില്പങ്ങള്‍ കണ്ട രാജാവ് ചോദിച്ചു:

Signature-ad

“താങ്കള്‍ ശില്പിയാണോ…?”

“അല്ല, ഞാനൊരു വിറകുവെട്ടുകാരനാണ്.  വിറക് ആര്‍ക്കും വേണ്ടാത്തതുകൊണ്ട് ശില്പമുണ്ടാക്കുന്നു. പക്ഷേ, ഇതൊന്നും  വാങ്ങാന്‍ ആരും വരാറില്ല.”
വീട്ടുടമ മറുപടി പറഞ്ഞു.

രാജാവ് അയാളോട്, ശില്പങ്ങള്‍ പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കാന്‍ ആവശ്യപ്പെട്ടു. ശേഷം രാജാവ് സ്വന്തം കൊട്ടാരത്തിലേക്ക് മടങ്ങി.  രാജാവിന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ ശില്പങ്ങള്‍ പട്ടണത്തില്‍ കൊണ്ടുപോയി. അയാള്‍ അത്ഭുതപ്പെട്ടു.  പ്രതീക്ഷിച്ചതിലും പത്തിരട്ടിവിലക്കാണ് ആളുകള്‍ ആ ശില്പങ്ങള്‍ വാങ്ങിയത്.  തന്റെ സ്ഥലത്തുണ്ടായിരുന്ന മരങ്ങളെല്ലാം ചന്ദനമായിരുന്നു എന്ന് അപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത്.
ശില്പങ്ങള്‍ വാങ്ങാന്‍ രാജാവിന് താല്‍പര്യമുണ്ടെന്നറിഞ്ഞ് കൊട്ടാരത്തിലെത്തിയപ്പോഴാണ് അന്ന് കുടിലിലേക്ക് വന്നത് രാജാവാണെന്ന് അയാള്‍ തിരിച്ചറിഞ്ഞത്.
രാജാവ് അയാള്‍ക്ക് ധാരാളം ഭൂമി ദാനമായി നല്‍കി.  ഒപ്പം കുറെ സമ്മാനങ്ങളും.

അത്മബലം തിരിച്ചറിയാത്തവര്‍ അപരനെ ആശ്രയിക്കും. എന്നാല്‍ സ്വന്തം കഴിവിൽ വിശ്വാസമുള്ളവൻ  അവനവനെ വിശ്വസിക്കും.  താൻ ആരാണെന്നും തനിക്കെന്താണ് ശേഷിയെന്നും ആത്മപരിശോധന നടത്തി ലക്ഷ്യബോധത്തോടെ  പരിശ്രമിക്കുന്നവര്‍ക്കേ അവരര്‍ഹിക്കുന്ന ജീവിതം ലഭിക്കൂ.  ജീവിക്കാനുള്ള വകയുണ്ടാക്കാന്‍ എന്തെങ്കിലും ചെയ്താല്‍ മതി.  എന്നാല്‍ ജീവിതം സംപൂര്‍ണ്ണമാക്കാന്‍ ആത്മാംശമുളളകാര്യങ്ങള്‍ ചെയ്യണം.  സ്വന്തം അഭിരുചി തിരിച്ചറിയാം…! അഭിരുചിയറിഞ്ഞ് പ്രയത്‌നിക്കാം…!

ശുഭദിനം.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: