
റാബത്ത്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ശക്തമായ ഭൂചലനത്തില്‍ 296 മരണം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 11 മണിക്ക് റിപ്പോര്‍ട്ട് ചെയ്ത ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ചലനം ഏതാനും സെക്കന്റ് സമയം നീണ്ടുനിന്നതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു.
മരണം സംബന്ധിച്ച് വിവരം മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്. 153 പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ, നഗരങ്ങളില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങളുണ്ടായതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
മാരാക്കേക്കില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ തെക്ക് അറ്റ്‌ലസ് പര്‍വതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തൗബ്കലിനും പ്രശസ്തമായ മൊറോക്കന്‍ സ്‌കീ റിസോര്‍ട്ടായ ഒകൈമെഡനും സമീപമാണ് ഇത്.
അതേസമയം, എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇതുവരെ കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അതിയായ വേദനയുണ്ട്. ഈ ദുരന്തസമയത്ത്, മൊറോക്കോയിലെ ജനങ്ങള്‍ക്കൊപ്പമാണ് ചിന്തകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി കുറിച്ചു.
മൊറോക്കോയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനമാകും ഇതെന്നാണ് റിപ്പോര്‍ട്ട്. വടക്കേ ആഫ്രിക്കയില്‍ ഭൂകമ്പങ്ങള്‍ താരതമ്യേന അപൂര്‍വമാണ്. 1960-ല്‍ അഗാദിറിന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം ഉണ്ടായിരുന്നു. അന്ന് ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരുന്നു.