KeralaNEWS

പോലീസ് സ്റ്റേഷന്‍ ഈടുവെച്ച് ലോണെടുത്തു, പിന്നാലെ ജപ്തി; ലേലം പിടിച്ചയാള്‍ അളക്കാനെത്തിയപ്പോള്‍ പോലീസ് ഞെട്ടി

ഇടുക്കി: സ്വകാര്യവ്യക്തി ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ ഈടുവെച്ചത് പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്‌സും അടങ്ങുന്ന ഭൂമി! ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്‌സും അടങ്ങുന്ന 2.4 ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തിയുടെ ഈടു വസ്തുവായി മാറിയത്.

വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി ചെയ്ത് ലേലത്തിന് വെച്ച ഭൂമി ഏറ്റെടുത്തയാള്‍ അളന്ന് തിരിക്കാന്‍ നല്‍കിയ ഹരജിയെതുടര്‍ന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തില്‍ താലൂക്ക് സര്‍വേയര്‍ ഭൂമി അളന്ന് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലില്‍ (ഡി.ആര്‍.ടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് സ്റ്റേഷനും വകുപ്പിന്റെ ഭൂമിയും സംബന്ധിച്ച കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. വെള്ളത്തൂവല്‍ സ്വദേശിയായ സി.ബി. രമേശന്‍ ഫെഡറല്‍ ബാങ്ക് അടിമാലി ശാഖയില്‍നിന്ന് വായ്പയെടുക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഈട് നല്‍കിയ മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ദുരൂഹ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് നടപടിയെടുക്കുകയും ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ മുഖേന ജപ്തി നടപ്പാക്കുകയും ചെയ്തു.

Signature-ad

ലേലത്തില്‍ വെച്ച ഭൂമി 2012ല്‍ നായരമ്പലം സ്വദേശി കെ.പി. ജോഷി വാങ്ങി. ഈ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കാന്‍ അളന്ന് തിട്ടപ്പെടുത്താനായി ഭൂവുടമ ഡി.ആര്‍.ടിയെ സമീപിച്ചു. തുടര്‍ന്ന് അളന്ന് സര്‍വേ നടപടികള്‍ക്കായി അഭിഭാഷക കമ്മീഷനെയും താലൂക്ക് സര്‍വേയറെയും ചുമതലപ്പെടുത്തി. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ്‌സ്റ്റേഷനും ക്വാര്‍ട്ടേഴ്‌സുമടക്കം 2.4 ഏക്കറോളം ഭൂമികൂടി ഉള്‍പ്പെടുന്നതാണ് ഈട് വസ്തുവെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം തേടി ഡി.ആര്‍.ടിയിലെ റിക്കവറി ഓഫിസറുടെ നോട്ടീസ് ലഭിച്ചപ്പോഴാണ് വെള്ളത്തൂവല്‍ പൊലീസ് വിവരം അറിയുന്നത്.

2023 ജൂണ്‍ 20നാണ് ഇതുസംബന്ധിച്ച നോട്ടീസ് പൊലീസിന് ലഭിച്ചത്. നോട്ടീസ് ലഭിച്ചതോടെ ഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് തെറ്റാണെന്നു കാട്ടി അഭിഭാഷകന്‍ മുഖേന ജില്ല പൊലീസ് മേധാവി ഡി.ആര്‍.ടിയില്‍ പ്രാഥമിക വിശദീകരണം നല്‍കി. ദേവികുളം താലൂക്ക് വെള്ളത്തൂവല്‍ വില്ലേജിലെ 19/1 സര്‍വേ നമ്പറില്‍ വരുന്ന ഭൂമിയിലാണ് പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഈ ഭൂമി പൊലീസ് വകുപ്പിന് കൈമാറാന്‍ അനുമതി നല്‍കി 1989 ഡിസംബര്‍ ആറിന് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവടക്കം പൊലീസ് ഡി.ആര്‍.ടിയില്‍ ഹാജരാക്കിയിട്ടുണ്ട്.

 

 

Back to top button
error: