പത്തനംതിട്ട: തൊഴിലാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കി കോട്ട പ്രഭുറാം മില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ സ്ഥാപനമായ മുളക്കുഴ കോട്ട പ്രഭുറാം സ്പിന്നിങ് മില്‍സ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രമുഖ സിനിമാതാരമായിരുന്ന ശിവാജി ഗണേശന്‍ മകന്‍ പ്രഭുവിന്റെ പേരില്‍ ആരംഭിച്ച തുണിമില്‍ ദീര്‍ഘകാലം അടഞ്ഞുകിടന്ന ശേഷം പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
6.5 കോടി രൂപ വൈദ്യുതി ബില്‍ കുടിശ്ശിക അടയ്ക്കാതിരുന്നതു മൂലം കഴിഞ്ഞ ഫെബ്രുവരി 20നാണ് മില്‍ അടച്ചുപൂട്ടിയത്. പ്രഭുറാം മില്‍സ് നവീകരിക്കുന്നതിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍ മുന്‍കൈ എടുത്ത് 3.31 കോടി രൂപ ചെലവഴിച്ച് അത്യാധുനിക ഓട്ടോ കോണര്‍ ലൂമിങ് മെഷീന്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ നീങ്ങവെയാണ് മില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നേരിട്ടെത്തി ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും അടച്ചുപൂട്ടല്‍ ഉണ്ടായത്. വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി തൊഴിലാളികള്‍ക്ക് ഒരുമാസത്തെ ശമ്പളം ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരി 21 വരെയുള്ള ശമ്പളവും ബാക്കിയുള്ള ദിവസങ്ങളിലെ അടച്ചിടല്‍ ആനുകൂല്യവുമാണ് ലഭിച്ചത്. ഏറ്റവും ഒടുവിലത്തെ കെഎസ്ഇബി ബില്‍ത്തുക കഴിഞ്ഞദിവസം അടച്ചു വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
ഒരുമാസത്തെ ശമ്പളം നല്‍കുവാനും കെഎസ്ഇബിയിലെ കുടിശ്ശികയുടെ ഒരുഭാഗം അടയ്ക്കാനുമായി 1.15 കോടി രൂപ സര്‍ക്കാര്‍ കമ്പനിക്ക് അവദിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22 മുതലാണ് കമ്പനി അടച്ചിട്ടത്. അഞ്ചുമാസത്തിനുശേഷമാണ് ഇരുനൂറോളം തൊഴിലാളികള്‍ക്കു ഓണാശ്വാസമായി ശമ്പളം ലഭിച്ചത്.
ട്രെയിനികള്‍ ഉള്‍പ്പെടെ 200 തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന മില്‍ ആദ്യദിവസം രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് 4:30 ഒരു ഷിഫ്റ്റായി പ്രവര്‍ത്തിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൂന്ന് ഷിഫ്റ്റുകളില്‍ പ്രവര്‍ത്തനം തുടരും. മില്‍ പ്രവര്‍ത്തനം തുടങ്ങിയതില്‍ സര്‍ക്കാരിന് നന്ദി അറിയിച്ചു തൊഴിലാളികള്‍ ആഹ്‌ളാദ പ്രകടനവും മധുരപലഹാര വിതരണവും നടത്തി.