KeralaNEWS

തിരുവനന്തപുരം വരെ ഓടിക്കാന്‍ പ്രായോഗിക തടസം; അടുത്ത വന്ദേഭാരത് മംഗളൂരു മുതല്‍ എറണാകുളം വരെ?

കൊച്ചി: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് മംഗളൂരു സെന്‍ട്രല്‍ എറണാകുളം റൂട്ടിലാകാന്‍ സാധ്യത. മംഗളൂരുവില്‍ നിന്നു തിരുവനന്തപുരം വരെ ഓടിക്കുന്നതിലെ പ്രായോഗിക തടസ്സങ്ങള്‍ കണക്കിലെടുത്താണു സര്‍വീസ് എറണാകുളം വരെയാക്കി ചുരുക്കാന്‍ നീക്കം നടക്കുന്നത്. മംഗളൂരു സെന്‍ട്രലില്‍ വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കു വേണ്ട വൈദ്യുതീകരണ ജോലികള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു.

ചെന്നൈയില്‍ നിന്നു വൈകാതെ മംഗളൂരുവിലെത്തിക്കുന്ന വന്ദേഭാരത് റേക്ക് ഉപയോഗിച്ചു പരീക്ഷണയോട്ടം നടത്തേണ്ടതുണ്ട്. ഇതിനു ശേഷമായിരിക്കും അന്തിമ ടൈംടേബിള്‍ റെയില്‍വേ ബോര്‍ഡ് പ്രഖ്യാപിക്കുക. മംഗളൂരു-എറണാകുളം, തിരുനല്‍വേലി-ചെന്നൈ എഗ്മൂര്‍ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ സൗകര്യം കൂടി കണക്കിലെടുത്താകും നടത്തുക.

Signature-ad

രണ്ടു ട്രെയിനുകള്‍ക്കുമായി ദക്ഷിണ റെയില്‍വേ ഒന്നിലേറെ ടൈംടേബിളുകള്‍ തയാറാക്കിയിരുന്നെങ്കിലും വേഗം കൂട്ടണമെന്ന് ആവശ്യപ്പെട്ടു റെയില്‍വേ ബോര്‍ഡ് ഇവ മടക്കിയിട്ടുണ്ട്.

എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടിലെ പരമാവധി വേഗം 80 കിലോമീറ്ററായതിനാല്‍ യാത്രാസമയം കുറയ്ക്കാന്‍ പരിമിതികളുണ്ട്. രാവിലെ മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് രാവിലെ 10ന് മുന്‍പു എറണാകുളത്ത് എത്തുന്ന സര്‍വീസിനാകും കൂടുതല്‍ ആവശ്യകതയെങ്കിലും എറണാകുളത്ത് പ്ലാറ്റ്‌ഫോം ഒഴിവില്ലാത്തതിനാല്‍ അത് എളുപ്പമാകില്ല. 5 പ്ലാറ്റ്‌ഫോമുകള്‍ വെറുതേ കിടക്കുന്ന കോട്ടയത്തേക്കു നീട്ടിയാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെങ്കിലും റെയില്‍വേ ആ സാധ്യത പരിഗണിച്ചിട്ടില്ല.

 

Back to top button
error: