പാലക്കാട്: സൈബര്‍ തട്ടിപ്പിലൂടെ പാലക്കാട് പുത്തൂര്‍ സ്വദേശിയായ യുവതിയില്‍നിന്ന് 45 ലക്ഷം രൂപ കവര്‍ന്ന കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിക്കല്‍ സൗരാഷ്ട്ര കോളനിയിലെ ബാലാജി രാഘവന്‍ (34), ദിണ്ടിക്കല്‍ ഭാരതിപുരം ഇന്ദ്രകുമാര്‍ (20), വെല്ലൂര്‍ പണപ്പാക്കം മോഹന്‍കുമാര്‍ (27) എന്നിവരെയാണ് ജില്ലാ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് പത്തോളം അക്കൗണ്ട് പുസ്തകങ്ങളും ചെക്ക് ബുക്കുകളും പതിനഞ്ചോളം എ.ടി.എം. കാര്‍ഡുകളും പണം കൈമാറ്റം സംബന്ധിച്ച ഡയറിയും പിടിച്ചെടുത്തു.
കൊറിയര്‍ സ്ഥാപനംവഴി യുവതിയുടെ പേരില്‍ വിദേശത്തേക്ക് അയച്ച പാഴ്സലില്‍ മയക്കുമരുന്നുകളും മറ്റും കണ്ടെത്തിയെന്നും മുംെബെ പോലീസിന്റെ നര്‍കോട്ടിക് വിഭാഗം നിയമനടപടികള്‍ തുടങ്ങിയെന്നും കേസില്‍നിന്ന് രക്ഷിക്കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. മുംബൈ പോലീസ് മേധാവിയെന്ന വ്യാജേന സംസാരിച്ച് യുവതിയില്‍നിന്നു പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു.
ഓഗസ്റ്റ് 21-ന് ഉച്ചയോടെയാണ് യുവതിക്ക് ഫോണ്‍കോള്‍ വരുന്നത്. ഫെഡക്സ് എന്ന കൊറിയര്‍ സ്ഥാപനത്തില്‍നിന്നാണെന്നും നിങ്ങള്‍ മുംബെയില്‍നിന്ന് തായ്വാനിലേക്ക് അയച്ച കൊറിയര്‍ മടങ്ങിവന്നുവെന്നും പറഞ്ഞായിരുന്നു തുടക്കം. ഫോണ്‍കോള്‍ മുംബൈ പോലീസിന്റെ നര്‍കോട്ടിക് വിഭാഗത്തിനു കൈമാറുന്നുവെന്നു പറഞ്ഞു. പോലീസ് വയര്‍ലെസ് ശബ്ദങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈ പോലീസ് ഡി.സി.പി. എന്ന വ്യാജേനയായിരുന്നു സംസാരം.
യുവതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും വിശ്വസിപ്പിക്കാനായി യുവതിയുടെ ആധാര്‍നമ്പര്‍ പറയുകയും ചെയ്തു. പരിഭ്രമിച്ച യുവതി കൊറിയര്‍ അയച്ചിട്ടില്ലെന്നു പറഞ്ഞെങ്കിലും ആധാര്‍നമ്പര്‍ പ്രകാരം യുവതി പ്രതിയാണെന്നു പറഞ്ഞു. കേസും ജയില്‍വാസവും ഒഴിവാക്കിത്തരാമെന്നു പറഞ്ഞ് രണ്ടുദിവസത്തിനുള്ളില്‍ വിവിധ അക്കൗണ്ടുകളിലേക്ക് 44,99,996 രൂപ നിേക്ഷപിപ്പിച്ചു.
പണം നഷ്ടമായ യുവതി പിറ്റേന്നുതന്നെ പാലക്കാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പണം കൈമാറ്റം ചെയ്ത ബാങ്ക് അക്കൗണ്ടുകളിലൊന്നിന്റെ ഉടമയെയും വ്യാജ അക്കൗണ്ടുകള്‍ സംഘടിപ്പിക്കുന്ന ഇടനിലക്കാരായ രണ്ടുപേരെയും ദിണ്ടിക്കലില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.