LIFELife Style

അച്ഛന്മാര്‍ പരിപാലിക്കുന്ന കുട്ടികൾ ശാരീരികവും മാനസികവുമായി കൂടുതല്‍ ആരോഗ്യമുള്ളവരായിരിക്കാന്‍ സാധ്യതയെന്ന് പഠനം

രു കാലത്ത് കുട്ടികളുടെ പരിചരണം അമ്മമാരുടെ ജോലി മാത്രമാണെന്ന് കരുതിയിരുന്നു. എന്നാൽ, സാമൂഹിക സാഹചര്യങ്ങൾ മാറുകയും സ്ത്രീകൾ കൂടുതലായി ജോലിക്ക് പോയിത്തുടങ്ങുകയും ചെയ്തപ്പോൾ അമ്മമാർക്ക് മാത്രം കുട്ടികളെ നോക്കാൻ കഴിയാതെയായി. ഇതോടെ അച്ഛന്മാർക്കും കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട അവസ്ഥ വന്നു. എന്നാൽ, ഏറ്റവും പുതിയ പഠനം പറയുന്നത്, കുട്ടികളുടെ പരിപാലനത്തിൽ അച്ഛന്മാർ കൂടുതലായി ഇടപെടുപ്പോൾ കുട്ടികൾ ശാരീരികവും മാനസികവുമായി കൂടുതൽ ആരോഗ്യമുള്ളവരായിരിക്കാൻ സാധ്യത കൂടുതലാണെന്നാണ്. അടുത്തിടെ ജപ്പാനിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടത്തൽ. 28,000 കുട്ടികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും അച്ഛന്മാർ തങ്ങളുടെ കുട്ടികളുടെ പരിപാലനം ഏറ്റെടുക്കുന്നത് ഇപ്പോൾ കൂടി വരികയാണ്. ജപ്പാനിലും അച്ഛന്മാർ കുട്ടികളെ നോക്കുന്ന രീതി സമീപ കാലത്തായി കൂടുതലാണ്. നിരവധി പുരുഷന്മാരാണ് തങ്ങളുടെ രക്ഷാകർതൃ അവധി ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഈ മാറ്റം കണക്കിലെടുത്താണ് ജാപ്പനീസ് ഗവേഷകർ ചെറിയ കുട്ടികളുടെ ആരോഗ്യത്തിൽ അച്ഛന്മാരുടെ വർദ്ധിച്ചുവരുന്ന ഇടപെടലിൻറെ സ്വാധീനം വിലയിരുത്താൻ ശ്രമങ്ങൾ ആരംഭിച്ചത്. ഇങ്ങനെ നടന്ന പഠനത്തിലാണ് അമ്മമാർ പരിപാലിക്കുന്ന കുട്ടികളെക്കാൾ മാനസിക, ശാരീരിക ആരോഗ്യം അച്ഛന്മാർ നോക്കുന്ന കുട്ടികളിൽ കൂടുതലാണെന്ന് കണ്ടെത്തിയത്. 28,050 കുട്ടികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

Signature-ad

പീഡിയാട്രിക് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ, കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ വ്യക്തമായ നേട്ടം ചൂണ്ടിക്കാണിക്കുന്നു. ശൈശവാവസ്ഥയിൽ ശിശുപരിപാലനത്തിൽ അച്ഛൻ സജീവമായി ഇടപെടുന്നത് അമ്മയുടെ രക്ഷാകർതൃ പിരിമുറുക്കം ഭാഗികമായി കുറയ്ക്കുകയും അത് കുട്ടികളുടെ മാനസിക വികസനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 2010 മുതലാണ് ജപ്പാനിൽ അമ്മയ്ക്കും അച്ഛനും 12 മാസത്തെ രക്ഷാകർതൃ അവധി അനുവദിച്ച് തുടങ്ങിയത്. തുടക്കകാലത്ത് ഇത്തരത്തിൽ അവധി എടുക്കുന്ന അച്ഛന്മാർ കുറവായിരുന്നെങ്കിലും ജപ്പാനിലെ ആരോഗ്യ മന്ത്രാലയത്തിൻറെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പിതൃത്വ അവധി എടുക്കുന്ന പിതാക്കന്മാരുടെ നിരക്ക് 17.13 % മായി ഉയർന്നു. ഇക്കാര്യത്തിൽ ഫ്രാൻസിനെയും (67%) ഫിൻലാൻറിനെയും (80%) അപേക്ഷിച്ച് ഇത് വളരെ കുറവാണെങ്കിലും ആളുകൾക്കിടയിൽ ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്ന മാറ്റത്തെ സ്വാഗതാർഹമായ ഒന്നായാണ് ജപ്പാൻ സർക്കാർ കാണുന്നത്.

Back to top button
error: