മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
ഇരുവരുടേയും ഫോണ്‍ വിവരങ്ങള്‍ അടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.സച്ചിന് നടിയുമായി അടുത്ത ബന്ധമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. എന്നാല്‍,തങ്ങൾ സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം മറ്റൊരു ബന്ധവുമില്ലെന്നും നടി വ്യക്തമാക്കി.
2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിന്‍ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷനല്‍ കമീഷനറായ സച്ചിനെ ജൂണ്‍ 27ന് ലക്നൗവില്‍ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ അന്വേഷണ ഏജന്‍സി സമര്‍പിച്ച കുറ്റപത്രത്തില്‍ നടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും നടിക്ക് നല്‍കിയ സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് കണ്ടെത്താനുമാണ് ഇഡിയുടെ ശ്രമം.നവ്യയെ കാണാൻ എട്ടു തവണ സച്ചിന്‍ സാവന്ത് കൊച്ചിയിൽ എത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
ഇ.ഡി മുംബൈ ബ്രാഞ്ച് ആണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സച്ചിൻ സാവന്തിന്‍റെ വാട്ട്സ്ആപ്പ് ചാറ്റുകളിൽനിന്നും മൊബൈൽ ഫോൺ രേഖകളിൽനിന്നുമാണ് നടിയുമായുള്ള ബന്ധം വ്യക്തമായതെന്നാണ് വിവരം.കള്ളപ്പണം വെളുപ്പിക്കാൻ സ്വർണ ആസ്തികൾ വാങ്ങിയ സച്ചിൻ സാവന്ത് നവ്യ നായർക്ക് സ്വർണാഭരണങ്ങൾ സമ്മാനിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. താരത്തെ കാണാൻ സാവന്ത് എട്ടോളം തവണ കൊച്ചിയിൽ എത്തുകയും ചെയ്തതായും ഇതില്‍ പറയുന്നു.
അതേസമയം സച്ചിൻ സാവന്തിന്‍റെ കുടുംബം കേരളത്തില്‍ വന്നപ്പോള്‍ ക്ഷേത്ര ദർശനത്തിനുള്ള സഹായം നല്‍കിയിരുന്നുവെന്നും സാവന്ത് നല്‍കാത്ത മൊഴിയാണ് ഇ.ഡി കുറ്റപത്രത്തിലുള്ളതെന്ന പേരില്‍ പ്രചരിക്കുന്നതെന്നുമാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നവ്യ നായർ നൽകിയ മറുപടി.